ഉന്നത തല അന്വേഷണം വേണം: സി.പി.ഐ
ആലപ്പുഴ: അരൂരിലെ അപകടത്തിൽ വീണ്ടും ജീവൻ പൊലിഞ്ഞത് വളരെ ഗൗരവം നിറഞ്ഞ വിഷയമാണെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ പ്രസ്ഥാവനയിലൂടെ അറിയിച്ചു. നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിക്കാൻ ദേശീയപാത അധികൃതരോ കരാറുകാരോ ശ്രമിക്കുന്നില്ല. നിർമ്മാണ വേളയിൽ ദേശീയപാത അതോറിട്ടിയും കരാർ കമ്പനിയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട നടപടി സ്വീകരിക്കാൻ ബാദ്ധ്യസ്ഥരാണെന്നിരിക്കേ ഇരു കൂട്ടരും തമ്മിലുള്ള ഒത്തുകളിയുടെ ഫലമായിട്ടാണ് സുരക്ഷാവീഴ്ചയും നിരന്തര അപകടങ്ങളും ഉണ്ടാവുന്നത്. ഇത് സംബന്ധിച്ച ഉന്നതതല അന്വേഷണം ആവശ്യമാണ്. രാജേഷിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്താൻ അധികൃതർ നടപടികൾ കൈകൊള്ളണമെന്നും ജില്ലാ കൗൺസിൽ ആവശ്യപെട്ടു. അനാസ്ഥകൾ തുടർന്നാൽ ശക്തമായ പ്രക്ഷോഭവുമായ മുന്നോട്ട് പോകുമെന്നും ജില്ലാ സെക്രട്ടറി എസ്.സോളമൻ പറഞ്ഞു.