കോർപ്പറേഷൻ ഭരണം അഭിമാന പ്രശ്‌നം; ആരോപണ കൊടുങ്കാറ്റുകൾ
തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് കണ്ണൂർ കോർപ്പറേഷൻ മരക്കാർകണ്ടി മലിനജല പ്ലാന്റ് അഴിമതി ആരോപണങ്ങളുടെ കൊടുങ്കാറ്റിലാണ്. കണ്ണൂർ ജില്ലയുടെ ആസ്ഥാനമായ കോർപ്പറേഷൻ ഭരണം പിടിക്കുക എന്നത് സി.പി.എമ്മിന് അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്. പാർട്ടിയുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജില്ലയിൽ ഇപ്പോൾ യു.ഡി.എഫിന്റെ കയ്യിലാണ് കോർപ്പറേഷൻ ഭരണം. ഈ സാഹചര്യത്തിൽ മരക്കാർകണ്ടിയിലെ മലിനജല ശുചീകരണ പ്ലാന്റ് അഴിമതിയെന്ന വിഷയം ഉയർത്തിക്കൊണ്ടുവന്ന് സമരങ്ങളിലൂടെയും വ്യാപക പ്രചാരണങ്ങളിലൂടെയും സി.പി.എം തിരഞ്ഞെടുപ്പിൽ അനുകൂല സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.
40 കോടിയിൽ നിന്ന്
151 കോടിയിലേക്ക്
മരക്കാർകണ്ടിയിലെ മലിനജല ശുചീകരണ പ്ലാന്റിന്റെ ടെൻഡർ നടപടികളാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. പദ്ധതി ആദ്യം 40 കോടി രൂപയ്ക്കാണ് താല്പര്യപത്രത്തിൽ പരസ്യപ്പെടുത്തിയത്. ഇതിനായി 14 കമ്പനികളെത്തി. എന്നാൽ വിവിധ മാനദണ്ഡങ്ങൾ പറഞ്ഞ് മിക്ക കമ്പനികളെയും ഒഴിവാക്കി, ഒടുവിൽ ഒറ്റ കമ്പനിയിലേക്ക് മാത്രം ചുരുക്കി. ഇരുപത് ദിവസം കഴിഞ്ഞ് തുക 140 കോടിയായി ഉയർത്തി. അവസാനം 151.815 കോടിയ്ക്ക് ഹൈദരാബാദ് കമ്പനിക്ക് സ്വീകാര്യതാ പത്രം കൈമാറി. ഇതു സംബന്ധിച്ച് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപണം ഉന്നയിച്ച് രംഗത്തെത്തി. വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) പോലും തയ്യാറാക്കാതെ, കവറേജ് ഏരിയ, ലൊക്കേഷൻ നെറ്റ്‌വർക്ക്, സാങ്കേതിക ജോലികൾ എന്നിവ പഠിക്കാതെയാണ് ടെൻഡറിലേക്ക് പോയതെന്ന് അദ്ദേഹം ആരോപിച്ചു. 140 കോടിയുടെ പദ്ധതിക്ക് പേര് പോലും മാറ്റി പുതിയ ടെൻഡറാക്കി, പത്രപരസ്യം പോലും നൽകിയില്ലെന്നും രാഗേഷ് കുറ്റപ്പെടുത്തി.
വിവാദങ്ങൾക്ക് തീപിടിച്ചതോടെ ചീഫ് സെക്രട്ടറി എ. ജയതിലക് അദ്ധ്യക്ഷനായ സംസ്ഥാന അമൃത് ഹൈ പവർ സ്റ്റിയറിങ് കമ്മിറ്റി കാര്യത്തിൽ ഇടപെട്ടു. സാങ്കേതിക വിദഗ്ദ്ധരടങ്ങുന്ന ഏഴംഗ സമിതി പരിശോധന നടത്തി, ടെൻഡറിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് കണ്ടെത്തി.
കമ്മിറ്റി കണ്ടെത്തിയ പ്രധാന പ്രശ്നങ്ങൾ:
നിർമാണം നടത്തുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ കൃത്യമായി ടെൻഡറിൽ പറഞ്ഞിട്ടില്ല ചില നിബന്ധനകൾ കാരണം പരിമിതമായ കമ്പനികൾക്ക് മാത്രമാണ് ടെൻഡറിൽ പങ്കെടുക്കാനായത് ഇത് ടെൻഡറിനെ സംശയത്തിന്റെ നിഴലിലാക്കുന്നു. ഖജനാവിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാകാൻ സാദ്ധ്യതയുണ്ട് ടെൻഡർ നടപടികളുടെ സുതാര്യത സംശയാസ്പദവും വ്യാജവുമാണ്
തിരഞ്ഞെടുപ്പ്
പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേദിവസം കമ്മിറ്റി ടെൻഡർ റദ്ദാക്കുകയും പ്ലാന്റ് നിർമാണം വാട്ടർ അതോറിറ്റി വഴി നടപ്പാക്കണമെന്നും തീരുമാനിച്ചു. കോർപ്പറേഷൻ കൗൺസിൽ യോഗം തന്നെ പ്രക്ഷുബ്ധമായി. സി.പി.എം കൗൺസിലർമാർ പ്ലക്കാർഡുകൾ ഉയർത്തി മേയറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യം വിളിച്ചു. കോർപ്പറേഷൻ പ്രവർത്തനങ്ങൾ സുതാര്യമല്ലാതെയാണ് നടക്കുന്നതെന്നും ഭരണം അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ആരോപിച്ചു. പ്രതിഷേധത്തിനിടെ മേയർ അജണ്ടകൾ വായിച്ച് യോഗ നടപടികൾ അവസാനിപ്പിച്ചു. കൗൺസിലർമാർക്ക് യാതൊരു ചർച്ചയ്ക്കും അവസരം ലഭിച്ചില്ല.
മേയർ മുസ്ലീഹ് മഠത്തിൽ ആരോപണങ്ങളെ നിരുപാധികം തള്ളിക്കളഞ്ഞു. 40 കോടി എന്ന് വന്നത് ഉദ്യോഗസ്ഥന്മാരുടെ ക്ലറിക്കൽ മിസ്റ്റേക്ക് മൂലമാണെന്ന് അദ്ദേഹം ആവർത്തിച്ചു. പന്ത്രണ്ട് മണിക്കൂറിനകം തിരുത്തൽ വെബ്‌സൈറ്റിൽ വരുത്തിയെന്നും അദ്ദേഹം വാദിച്ചു. കാൻസൽ ചെയ്ത ടെൻഡർ രേഖകൾ കാട്ടിയാണ് കെ.കെ. രാഗേഷ് ആരോപണവുമായി എത്തിയതെന്നും കോർപറേഷൻ ഭരണം കൈക്കലാക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമാണിതെന്നും മേയർ പറഞ്ഞു. ഇല്ലാത്ത കരാർ റദ്ദാക്കിയെന്ന വാദം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും സംസ്ഥാന ഹൈ പവർ സ്റ്റിയറിംഗ് കമ്മിറ്റിയുടെ തീരുമാനം ഇതുവരെ കോർപറേഷനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കെ.കെ. രാഗേഷിനെതിരെ മാനനഷ്ട കേസ് നൽകാനാണ് തീരുമാനമെന്നും മേയർ വ്യക്തമാക്കി.
അഴിമതി ആരോപണങ്ങൾ
മലിനജല പ്ലാന്റിൽ മാത്രം ഒതുക്കിയില്ല ആരോപണങ്ങൾ. ചേലോറ ട്രഞ്ചിംഗ്, പടന്നപ്പാലം മാലിന്യ സംസ്‌കരണ കേന്ദ്രം, നഗരത്തിലെ മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രം എന്നിവയിലെല്ലാം കഴിഞ്ഞ മേയറും ഇപ്പോഴത്തെ മേയറും കോടികളുടെ അഴിമതി നടത്തിയെന്ന് സി.പി.എം. ആരോപിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. മേയർ മറുപടിയായി രാഗേഷിന്റെ ആസ്തി വെളിപ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരിക്കെ നടത്തിയ അഴിമതികൾക്ക് മറപിടിക്കാനാണ് ഈ വെപ്രാളമെന്നും പറഞ്ഞു. 48 കോടി ചെലവഴിച്ച് മുണ്ടേരി സ്‌കൂളിൽ ടെൻഡർ പോലും വിളിക്കാതെ നടത്തിയ നിർമാണ പ്രവർത്തികളിലെ അഴിമതിയെക്കുറിച്ചും മേയർ ആരോപണം ഉന്നയിച്ചു.
തിരഞ്ഞെടുപ്പ് ആയുധം
ഡെപ്യൂട്ടി മേയർ പി. ഇന്ദിര തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉണ്ടാകുന്ന നാടകമാണ് അരങ്ങേറുന്നതെന്ന് പരിഹസിച്ചു. എന്നാൽ സംസ്ഥാനതല സാങ്കേതിക കമ്മിറ്റിയുടെ കണ്ടെത്തലുകൾ സി.പി.എമ്മിന്റെ വാദങ്ങൾക്ക് ബലം പകരുന്നതാണ്. അമൃത് കമ്മിറ്റിയുടെ ചട്ടമനുസരിച്ച് വിശദ പദ്ധതി റിപ്പോർട്ട്, സാങ്കേതിക വിലയിരുത്തൽ, പാരിസ്ഥിതിക ആഘാത പഠനം എന്നിവ പൂർത്തിയാക്കി സംസ്ഥാന തല സാങ്കേതിക കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ ടെൻഡർ നടപടിയിലേക്ക് പോകാവൂ. ഇതൊന്നും പാലിക്കാത്തതാണ് ടെൻഡർ റദ്ദാക്കാൻ കാരണമായതെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മരക്കാർകണ്ടി മലിനജല പ്ലാന്റ് വിവാദം തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രധാന ആയുധമായി കണ്ണൂരിൽ മാറിയിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങൾക്കിടയിൽ സംസ്ഥാനതല സാങ്കേതിക കമ്മിറ്റി ടെൻഡർ റദ്ദാക്കിയത് വിവാദത്തിന് പുതിയ മാനമാണുണ്ടാക്കിയത്. എന്നാൽ ഇത് എത്രത്തോളം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് വോട്ടെണ്ണൽ അവസാനിക്കുമ്പോഴേ അറിയാനാകൂ.