കാൽലക്ഷം കുട്ടികൾ പങ്കെടുക്കുന്ന ശിശുദിന റാലി
തിരുവനന്തപുരം: സർക്കാരിന്റെയും സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ജില്ലയിലെ സ്കൂളുകളിൽ നിന്നും കാൽലക്ഷം കുട്ടികൾ പങ്കെടുക്കുന്ന ശിശുദിനറാലി നടക്കും.രാവിലെ 9ന് കുട്ടികളുടെ നേതാക്കൾ ഓപ്പൺ ജീപ്പിൽ നയിക്കുന്ന ശിശുദിന റാലി പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സമാപിക്കും. 10.30ന് കുട്ടികളുടെ നേതാക്കൾ നയിക്കുന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി മണക്കാട് ടി.ടി.ഐയിലെ ദുർഗ്ഗ ജിഷ്ണു ഉദ്ഘാടനം ചെയ്യും.മുഖ്യമന്ത്രി പിണറായി വിജയൻ ശിശുദിനസന്ദേശം നൽകും.മന്ത്രിമാരായ വീണാ ജോർജ്, വി. ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ വി.ജോയി., വി.കെ പ്രശാന്ത്, ഗായിക വൈക്കം വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുക്കും. ശിശുദിനസ്റ്റാമ്പിന്റെ പ്രകാശനം മന്ത്രി വീണാ ജോർജ് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപിക്ക് കൈമാറി നിർവഹിക്കും.