ഭാര്യയ്ക്ക് എന്നെ വേണ്ട; തെരുവുനായ മതി

Friday 14 November 2025 12:18 AM IST

ന്യൂഡൽഹി: കിടക്കയിൽ പോലും എനിക്ക് ഇടമില്ല. പകരം ഭാര്യ പാർപ്പിക്കുന്നത് തെരുവ് നായ്ക്കളെ. ഓടിക്കാൻ നോക്കിയപ്പോൾ കടിച്ചുപറിച്ചു. 2006ൽ വിവാഹം കഴിച്ചതു മുതൽ അനുഭവിക്കുന്നു. ഇനി വയ്യ. വിവാഹ മോചനം വേണം. ഗുജറാത്ത് ഹൈക്കോടതിയുടെ ദയ തേടിയിരിക്കുകയാണ് 41കാരൻ.

മൃഗസംരക്ഷണ ആക്‌ടിവിസ്റ്റാണ് ഭാര്യ. തന്നോട് ലൈംഗിക ബന്ധത്തിനും താത്പര്യമില്ല. ഇത് കടുത്ത മാനസിക വിഷമത്തിലാക്കി. ലൈംഗിക ശേഷിയെ വരെ ബാധിച്ചെന്നും അഹമ്മദാബാദ് സ്വദേശി പറയുന്നു.

തങ്ങൾ താമസിക്കുന്ന മേഖലയിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് അവഗണിച്ച് തെരുവുനായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവരികയാണ്. തന്നോടൊപ്പമുള്ള ചിത്രമല്ല,​ തെരുവുനായയെ ഉമ്മവയ്‌ക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ഭാര്യ സ്റ്റാറ്റസാക്കിയത്. നായകളുടെ പേരിൽ അയൽക്കാരുമായി നിരന്തരം വഴക്കാണ്. പൊലീസിൽ പലതവണ പരാതി നൽകി. ഇപ്പോൾ എല്ലാവർക്കും എന്നോടു വെറുപ്പാണ്. കുത്തുവാക്കും കളിയാക്കലും സഹിക്കാൻ വയ്യ.

നാട്ടിൽ തെരുവുനായ പ്രശ്‌നമുണ്ടായാൽ ഭാര്യ കേസ് കൊടുക്കും. താൻ ഒപ്പം നിൽക്കണമെന്ന് നിർബന്ധം പിടിക്കും. നിരസിച്ചാൽ അപമാനിക്കും. തനിക്ക് അവിഹിതബന്ധമുണ്ടെന്ന് വരെ കഥയുണ്ടാക്കി.

2017ൽ അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകിയെങ്കിലും തള്ളിക്കളഞ്ഞു. തന്നോടുള്ള ക്രൂരത അക്കമിട്ടു പറഞ്ഞിട്ടും അംഗീകരിച്ചില്ല. 15 ലക്ഷം രൂപ ജീവനാംശം നൽകാൻ തയ്യാറായി. രണ്ട് കോടിയാണ് ഭാര്യ ആവശ്യപ്പെട്ടതെന്നും യുവാവ് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ആരോപണങ്ങൾ ഭാര്യ നിഷേധിച്ചു.