ഐ 20 കാർ കൈമറിഞ്ഞത് 5 തവണ

Friday 14 November 2025 3:40 AM IST

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ എച്ച്.ആർ 26 സി.ഇ 7476 നമ്പർ ഹ്യൂണ്ടായ് ഐ 20 കാർ 11 വർഷത്തിനിടെ വിൽപ്പന നടത്തിയത് അഞ്ച് തവണ. 2014 മാർച്ച് 18ന് ഗുരുഗ്രാമിലെ നദീം എന്നയാൾ അവിടത്തെ ഷോറൂമിൽ നിന്ന് കാർ വാങ്ങി. 2017ൽ ഗുരുഗ്രാമിലെ സൽമാന് വിറ്റു. 2024 മാർച്ചിൽ സൽമാൻ ഡൽഹി ഓഖ്ല സ്വദേശി ദേവേന്ദ്രയ്‌ക്ക് വിറ്റു. എന്നാൽ, ദേവേന്ദ്ര സ്വന്തം പേരിലേക്ക് മാറ്റിയിരുന്നില്ല. തുടർന്ന് ഫരീദാബാദിലെ അമിത് പട്ടേലിന്റെ കൈകളിലേക്ക്. 2025 ഒക്ടോബർ 29നായിരുന്നു ഒടുവിൽ വിൽപ്പന നടന്നത്. ഒ.എൽ.എക്‌സിൽ പരസ്യം കണ്ട് എത്തിയ പുൽവാമ സ്വദേശി ആമിർ റഷീദാണ് വാങ്ങിയത്. ആമിർ അത് ഡോ. ഉമർ നബിക്ക് കൈമാറി. കാർ ഇപ്പോഴും സൽമാന്റെ പേരിലാണ്.

പാക് ഭീകരന്റെ

ഭാര്യയുമായി

ആശയവിനിമയം

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ പാക് ഭീകരൻ ഉമർ ഫാറൂഖിന്റെ ഭാര്യ അഫീറ ബീവിയുമായി കഴിഞ്ഞ ദിവസം ഫരീദാബാദിൽ അറസ്റ്റിലായ ഡോ.ഷഹീൻ സയീദ് നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തി. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്മെന്റ് വിഭാഗമായ ജമാഅത്തുൽ മൊമിനാതിന്റെ ഇന്ത്യയിലെ മേധാവിയാണ് ഡോ.ഷഹീൻ സയീദ്. ജമാഅത്തുൽ മൊമിനാത്തിന്റെ ഷൂറ (ഉപദേശക സമിതി) അംഗമാണ് അഫീറ ബീവി. അതിനിടെ, ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയുടെ ഫണ്ടിംഗ് സ്രോതസുകളെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി.