പരിശീലന വിമാനത്തിന്  ദേശീയപാതയിൽ ലാൻഡിംഗ്

Friday 14 November 2025 2:41 AM IST

തിരുച്ചിറപ്പള്ളി: പരിശീലനപ്പറക്കലിലായിരുന്ന ചെറുവിമാനത്തിന് ദേശീയ പാതയിൽ അടിയന്തര ലാൻഡിംഗ്. തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സേലത്തുനിന്ന് പറന്നുയർന്ന ഒറ്റ എൻജിൻ വിമാനം തിരുച്ചുറപ്പള്ളി പുതുക്കോട്ട ദേശീയപാതയിലാണ് ലാൻഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ട്രെയിനി പൈലറ്റുമാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സേലത്ത് നിന്ന് സർവീസ് നടത്തുന്ന ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സിംഗിൾ എൻജിൻ വിമാനമാണിത്. യാത്രക്കിടെ സാങ്കേതിക തകരാറുണ്ടാകുകയായിരുന്നെന്നാണ് വിശദീകരണം. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. വിമാനം ലാൻഡ് ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.