ഹരിതചട്ടം കർശനമാക്കും

Friday 14 November 2025 12:56 AM IST

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണമായും ഹരിത ചട്ടം പാലിക്കാൻ നിർദ്ദേശം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം തിരഞ്ഞെടുപ്പ് കാലയളവിൽ ഊർജിതമായ പരിശോധനകളും നടപടികളും ഉണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അറിയിച്ചു.തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും എല്ലാ പ്രചാരണ പരിപാടികളിലും ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ സാജു ഡേവിഡ്, എൽ.എസ്.ജി.ഡി അസി. ഡയറക്ടർ സി.കെ ദുർഗാദാസ്, ശുചിത്വ മിഷൻ അസി. കോർഡിനേറ്റർ എൻ.സി.സംഗീത്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ, സൈൻ പ്രിന്റിംഗ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.