ഒരു സ്വതന്ത്ര ഇങ്ങോട്ടും ഒരു സ്വതന്ത്ര അങ്ങോട്ടും
ചൂടുപിടിപ്പിച്ച് കളംമാറ്റം
തൃശൂർ: നേതാക്കൾ കളം മാറി തുടങ്ങിയതോടെ കോർപറേഷൻ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. ജനതാദൾ (എസ്) പ്രതിനിധിയും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ഷീബ ബാബുവിനെ എൻ.ഡി.എ സ്വന്തം പാളയത്തിലെത്തിച്ചപ്പോൾ ബി.ജെ.പി മുൻ കൗൺസിലർ ലളിതാംബികയെ ഇടതുപക്ഷത്തെത്തിച്ച് എൽ.ഡി.എഫും രംഗം കൊഴുപ്പിച്ചു. കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മാറിനിന്ന മുൻ കൗൺസിലർ ലളിതാംബിക സി.പി.ഐക്ക് അനുവദിച്ച കുട്ടൻകുളങ്ങര ഡിവിഷനിൽ ഇടതു സ്വതന്ത്രയായി മത്സരിക്കും. ഇന്നലെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നു. ഷീബ ബാബു എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർത്ഥിയായി കൃഷ്ണാപുരം സീറ്റിൽ മത്സരിക്കും. ഇന്നലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ ഷീബ ബാബുവിനെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഷാൾ അണിയിച്ചു. അഡ്വ.ബി.ഗോപാലകൃഷ്ണന് മത്സരിക്കാനായാണ് ലളിതാംബികയെ ഒഴിവാക്കിയത്. അന്ന് മുതൽ പാർട്ടിയിൽ നിന്ന് അകന്ന ലളിതാംബികയെ, അഞ്ചു വർഷം മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു.
ഷീബയുടെ അപ്രതീക്ഷിത വരവ്
എൽ.ഡി.എഫുമായി അകന്നുനിൽക്കുന്ന ഷീബ ബാബു തിരഞ്ഞെടുപ്പിന് മുൻപ് പുറത്ത് പോകുമെന്ന സൂചന നൽകി. കോൺഗ്രസുമായി അടുക്കുമെന്നായിരുന്നു വിലയിരുത്തൽ. കൃഷ്ണാപുരം സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൃഷ്ണാപുരം ലീഗിന്റേതായതിനാൽ കോൺഗ്രസ് നൽകിയില്ലെന്ന് അറിയുന്നു. ഇതിനിടെ ഷീബയെ ഇടതുപാളയത്തിൽ പിടിച്ചു നിറുത്താൻ സി.പി.എം നേതൃത്വം കൃഷ്ണാപുരം സീറ്റ് സി.പി.ഐയോട് ആവശ്യപ്പെട്ടെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് എൻ.ഡി.എ സ്വതന്ത്രയായി ഷീബ മത്സരിക്കുന്നത്.
കൗൺസിലറായിരുന്ന ഷീബ ബാബു കഴിഞ്ഞ നാലു വർഷമായി ജനതാദൾ (എസ്)മായും എൽ.ഡി.എഫുമായും യാതൊരു ബന്ധവും പുലർത്താതെ വിമത പ്രവർത്തനം നടത്തുകയായിരുന്നു. പല പദ്ധതികൾക്കും തുരങ്കം വയ്ക്കാൻ വിയോജനക്കുറിപ്പെഴുതി, കുറുമുന്നണി ഉണ്ടാക്കി പാർട്ടിക്കും മുന്നണിക്കും എതിരെ പ്രവർത്തിക്കുകയാണ്.
അഡ്വ.സി.ടി.ജോഫി ജില്ലാ പ്രസിഡന്റ്
തന്റെ ഡിവിഷനിലേക്കുള്ള വികസനപ്രവർത്തനം എൽ.ഡി.എഫ് ഭരണസമിതി വൈകിപ്പിച്ചു. ഡിവിഷനിലെ സംഭവങ്ങൾ പോലും അറിയിച്ചിരുന്നില്ല
ഷീബ ബാബു.
ബി.ജെ.പി ആദ്യപട്ടികയിൽ 30 പേർ : കളം മാറിയ ഷീബ ബാബുവും പട്ടികയിൽ
തൃശൂർ: എൽ.ഡി.എഫ് വിട്ട കോർപറേഷനിലെ നിലവിലെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ബാബുവിനെ ഉൾപ്പെടുത്തി ബി.ജെ.പി ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ജനതാദൾ (എസ്) വിട്ട് എൻ.ഡി.എയിലെത്തിയ ഷീബ ബാബു കൃഷ്ണാപുരം സീറ്റിലാണ് മത്സരിക്കുക. 30 ഡിവിഷനിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ നിലവിലെ ആറു കൗൺസിലർമാരിൽ തേക്കിൻകാട് ഡിവിഷനിൽ മത്സരിക്കുന്ന പൂർണിമ സരേഷ് മാത്രമാണ് ഇടം പിടിച്ചത്. പത്തിലേറെ സീറ്റുകളിലെങ്കിലും ബി.ജെ.പി മത്സരിച്ചേക്കും. ബാക്കിയുള്ളവ ഘടക കക്ഷികൾക്ക് നൽകും. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സരേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ അഡ്വ.ബി.ഗോപാലകൃഷ്ണൻ, അഡ്വ.കെ.കെ.അനീഷ് കുമാർ, എ.നാഗേഷ്, ജസ്റ്റിൻ ജേക്കബ്, അഡ്വ.രവികുമാർ ഉപ്പത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സ്ഥാനാർത്ഥി പട്ടിക :
രഘുനാഥ് സി.മേനോൻ( പൂങ്കുന്നം), കൃഷ്ണമോഹൻ( പാട്ടുരായ്ക്കൽ), മനോജ് നെല്ലിക്കാട് (വിയ്യൂർ), ജയശ്രീ ടീച്ചർ (പെരിങ്ങാവ്), കെ.രമ്യ (വില്ലടം), മനു പള്ളത്ത് (ചേറൂർ), ടി.വി.ദിവ്യ (മുല്ലക്കര), ഗിരീഷ് ചെറുവാറ (ഒല്ലൂക്കര), ഷീബ ബാബു (കൃഷ്ണാപുരം), ഇ.ടി.ബാലൻ (കുട്ടനെല്ലൂർ), ജോമേഷ് ( പറവട്ടാനി), കെ.മഹേഷ് (ചെമ്പൂക്കാവ്), ആന്റണി പാലത്തിങ്കൽ (മിഷൻ ക്വാർട്ടേഴ്‌സ്), നിമ്മി ജോൺ (കുരിയച്ചിറ), ശോഭ മേനോൻ (വളർക്കാവ്), കെ.ജയശ്രീ (അഞ്ചേരി), ജയൻ പാലത്തിങ്കൽ (ഒല്ലൂർ സെന്റർ), നിഖില ഊത്തപ്പിള്ളി (എടക്കുന്നി), ധനിക ടീച്ചർ (തൈക്കാട്ടശേരി), സോഫിയ സൈജു (ചിയ്യാരം നോർത്ത്), രമ്യ ആന്റണി (കുരിയച്ചിറ വെസ്റ്റ്), പൂർണിമ സരേഷ് (തേക്കിൻകാട്), അഡ്വ.രേഷ്മ മേനോൻ (തിരുവമ്പാടി), വിനോദ് കൃഷ്ണ (കോട്ടപ്പുറം), സദാനന്ദൻ വാഴപ്പുള്ളി (വടൂക്കര), പത്മിനി ഷാജി (കണിമംഗലം), കെ.കെ.രാധാകൃഷ്ണൻ (കാര്യാട്ടുകര), മിനി രാജീവ് (കാനാട്ടുകര), സൗമ്യ സലേഷ് (എൽത്തുരുത്ത്), സജിനി സത്യൻ (ചേറ്റുപുഴ)
ഐ. ലളിതാംബിക സി.പി.ഐയിൽ
തൃശൂർ: തൃശൂർ കോർപറേഷനിലെ ബി.ജെ.പി മുൻ കൗൺസിലർ ഐ. ലളിതാംബികയെ സി.പി.ഐ ഷാൾ അണിയിച്ച് സ്വീകരിച്ചു. സി.പി.ഐ ജില്ലാ കൗൺസിൽ ഹാളിൽ നടന്ന സ്വീകരണ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്. സുനിൽകുമാർ, സി.പി.എം ഏരിയാ സെക്രട്ടറി അനൂപ് ഡേവീസ് കാട എന്നിവർ ഷാളണിയിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ ബൊക്കെ നൽകി. സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി. സുമേഷ്, ടി.ഗോപിദാസ്, ടി.ആർ. അനിൽകുമാർ, ഐ.സതീഷ്കുമാർ, ലളിതാംബികയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.