കാൽനൂറ്റാണ്ടിന്റെ ആരവവുമായി ഇന്ന് കിക്കോഫ് !
തൃശൂർ: സാംസ്‌കാരിക തലസ്ഥാനത്തെ ഫുട്ബാൾ ആരവങ്ങൾക്ക് ഇന്ന് കിക്കോഫ്..! വിജയനും ജോപോളും പാപ്പച്ചനും എല്ലാം പന്തുതട്ടി നടന്ന പാലസ് ഗ്രൗണ്ടിലേക്ക് വീണ്ടുമൊരു കാൽപ്പന്തുകളിയുടെ പൂരം വിരുന്നെത്തുന്നു, കാൽ നൂറ്റാണ്ടിന് ശേഷം. 2015ൽ ദേശീയ ഗെയിംസ് വനിതാ ഫുട്ബാൾ നടന്നിരുന്നെങ്കിലും ഒഴിഞ്ഞ ഗാലറികളായിരുന്നു സാക്ഷി. 2000ലെ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ പ്രതിരോധ നിരയിലുണ്ടായിരുന്ന ജോപോളാണ് ഇപ്പോൾ മാജിക് എഫ്.സിയുടെ അസി. കോച്ച്. 1990ൽ നടന്ന ഫെഡറേഷൻ കപ്പിനായായിരുന്നു പാലസിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ താത്കാലിക ഗാലറിയുണ്ടാക്കി ഫുട്ബാൾ മൈതാനം ഒരുക്കിയത്. സാൽഗോക്കറിനെ തോൽപ്പിച്ച് കേരള പൊലീസ് കിരീടം നേടിയ ഫെഡറേഷൻ കപ്പിന് ശേഷമാണ് കേരളത്തിലെയും തൃശൂരിലെയും ഫുട്ബാളിന് പുത്തനുണർവ് വന്നത്. കേരള പൊലീസ് ടീം ഒരു വികാരമായി വളർന്നുവന്ന ഈ സമയമാണ് വി.പി.സത്യൻ, യു.ഷറഫലി, സി.വി.പാപ്പച്ചൻ, കുരികേശ് മാത്യു, പി.വി.രാമൻ, സക്കീർ ഹുസൈൻ, കെ.ലതീഷ് തുടങ്ങിയ ഇതിഹാസ താരങ്ങൾ പിറന്നതും.
ഗാലറികൾ നിറയും
മലപ്പുറം എഫ്.സിയെ തൃശൂർ മാജിക് എഫ്.സി സ്വന്തം മൈതാനത്ത് നേരിടുന്നത് കാണാൻ ഇന്ന് ആരാധകർ ഒഴുകിയെത്തും. 5,500 പേർക്ക് കപ്പാസിറ്റിയുണ്ടെങ്കിലും എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞതായി സംഘാടകർ പറയുന്നു. 15 ബസുകളിലായി ആയിരത്തോളം പേരാണ് മലപ്പുറത്ത് നിന്നെത്തുക. ഓരോ ആരാധകവൃന്ദത്തെയും പ്രത്യേകം ബ്ലോക്കുകളായാണ് പ്രവേശിപ്പിക്കുക. ഫിഫ നിലവാരത്തിൽ കോർപറേഷൻ സ്റ്റേഡിയം പുനർനിർമ്മിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മൈതാനത്തിന്റെ നീളവും വീതിയും കൂട്ടി, പവലിയൻ പുതുക്കിപ്പണിത്, ഗാലറികൾ പെയിന്റടിച്ച് ഒരുക്കിയ മൈതാനത്തെ മത്സരം സോണി ടി.വിയിലും തത്സമയമുണ്ട്. ഫെൻസിംഗ് താത്കാലികമായി ഒഴിവാക്കി പരസ്യങ്ങൾക്കുള്ള ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ് സ്ഥാപിച്ചു.
സസ്പെൻസ് അതിഥികൾ
കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള ചലച്ചിത്ര ലോകത്തെ പ്രമുഖരും കളികാണാനെത്തിയേക്കും. മഞ്ജു വാര്യർ, ഹണി റോസ് ഉൾപ്പെടെയുള്ളവരും എത്തിയേക്കും.