കട്ടിയുള്ള തൈര് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം, ഈ സൂത്രപണി മാത്രം അറിഞ്ഞാൽ മതി !

Friday 14 November 2025 12:12 AM IST

ചോറിനോടൊപ്പം നല്ല കട്ടത്തൈര് ഉണ്ടെങ്കിൽ മറ്റൊന്നും വേറെ വേണ്ട. എന്നാൽ ‌കടകളിൽ കട്ടത്തൈരിന് അമിത വിലയാണ് ഈടാക്കാറുള്ളത്. ഈ പ്രശ്നം പരിഹരിക്കാൻ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കട്ടത്തൈര് ഉണ്ടാക്കുന്ന വിദ്യ പഠിച്ചാലോ. കുറഞ്ഞ ചെലവിൽ കൂടുതൽ കട്ടിയുള്ള പുളിയില്ലാത്ത തൈര് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും.

കൊഴുപ്പ് കൂടുതലുള്ള പാൽ ആണ് ഇതിനാവശ്യമുള്ളത്. തൈര് അപ്പം പോലെ ഉറച്ചു കിട്ടാൻ, പാൽ തിളച്ച ശേഷം ഒരു 5 മിനിറ്റ് ചെറിയ തീയിൽ വച്ച് ചെറുതായി വറ്റിക്കുകയാണ് വേണ്ടത്. ഇതിലൂടെ അതിലെ ജലാംശം കുറയുകയും കൊഴുപ്പിന്റെ അളവ് കൂടുകയും ചെയ്യും. ഇതാണ് തൈരിന് കൂടുതൽ കട്ടി നൽകുന്ന ഘടകം. കൂടാതെ ഉറയൊഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പാലിന് ചൂട് കൂടിയാലും കുറഞ്ഞാലും തൈര് ശരിയായ രീതിയിൽ ഉറയ്ക്കില്ല. ചൂട് കൂടിയാൻ തൈര് പിരിയുകയും, തണുത്തുപോയാൽ കട്ടിയായി ഉറയ്ക്കുകയുമില്ല.

പാൽ നന്നായി തിളപ്പിച്ച ശേഷം അത് മാറ്റി വയ്ക്കണം. എന്നിട്ട് ചെറുചൂടോടെയാവണം ഉറയൊഴിക്കേണ്ടത്. ചെറുചൂട് മനസിലാക്കാനും എളുപ്പവഴിയുണ്ട്. ചൂണ്ടുവിരൽ പാലിൽ മുക്കി 5 മുതൽ 10 സെക്കൻഡ് വരെ ചൂട് കുഴപ്പമില്ലെങ്കിൽ അതാണ് ശരിയായ താപനില. അതുപോലെ കട്ടിയുള്ള, അധികം പുളി ഇല്ലാത്ത തൈര് തന്നെയായിരിക്കണം ഉറയായി ഉപയോഗിക്കേണ്ടത്. ഒരു ലിറ്റർ പാലിന് 1 മുതൽ 2 ടീസ്പൂൺ ഉറ മതിയാകും. ഉറയിലേക്ക് കുറച്ച് പാൽ ഒഴിച്ച് ഇളക്കുക. ഇത് ചെറുചൂടുള്ള പാലിലേക്ക് ഒഴിച്ച് ഉറ എല്ലായിടത്തും എത്താൻ വേണ്ടി ഒരൊറ്റ തവണ മാത്രം പതുക്കെ ഇളക്കുക. കൂടുതൽ ഇളക്കരുത്. കൂടുതൽ തവണ ഇളക്കുകയാണെങ്കിൽ തൈര് സെറ്റ് ആകുമ്പോൾ കട്ടി കുറയാൻ സാധ്യതയുണ്ട്. പാൽ ഉറയൊഴിച്ച പാത്രം അടച്ച്, ചൂടുള്ളതും ഇളകാത്തതുമായ ഒരിടത്ത് 6 മുതൽ 8 മണിക്കൂർ വരെ വയ്ക്കുക. തൈര് നന്നായി കട്ടിയായി ഉറച്ച് കഴിഞ്ഞാൽ, പാത്രം ഇളക്കാതെ നേരെ ഫ്രിഡ്ജിലേക്ക് മാറ്റാം. 3-4 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുമ്പോൾ, തൈര് നന്നായി തണുക്കുകയും കൂടുതൽ കട്ടിയാവുകയും ചെയ്യും.