അടിച്ചിലിയിലെ കൊലപാതകം : പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
ചാലക്കുടി: മേലൂരിലെ അടിച്ചിലി ആലക്കപ്പിള്ളിയിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലക്കപ്പിള്ളി കേവീട്ടി വീട്ടിൽ ശോഭനനെയാണ് (58) കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നപ്പിള്ളി മംഗലത്ത് വീട്ടിൽ സുധാകരനെയാണ് (62) ബുധനാഴ്ച വൈകിട്ട് ഇയാൾ കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത്.
കൊലയ്ക്ക് ഉപയോഗിച്ച കത്തി ശോഭനന്റെ വീട്ടു പരിസരത്ത് നിന്നും പൊലീസ് കണ്ടെടുത്തു. അമിതമായി മദ്യപിച്ചതിനാൽ സംഭവം കൃത്യമായി ഓർമ്മയില്ലെന്നാണ് ശോഭനൻ പൊലീസിന് നൽകിയ മൊഴി. പാണേലി രാജപ്പൻ എന്നയാളുടെ വീട്ടിലായിരുന്നു കൊലപാതകം. തൊഴിലുറപ്പ് തൊഴിലാളികളായ ഇരുവരും രാജപ്പന്റെ വീട്ടിലെത്തി രാവിലെ മുതൽ മദ്യപിച്ചു. തുടർന്നായിരുന്നു വാക്ക് തർക്കം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടംനടത്തിയ സുധാകരന്റെ മൃതദേഹം വീട്ടിലെത്തിച്ചു. സംസ്‌കാരം നടത്തി.