ബാറിലെ സംഘർഷം: പരിക്കേറ്റ യുവാവ് മരിച്ചു; പ്രതി അറസ്റ്രിൽ
പറവൂർ: ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടുവള്ളി തൃക്കപുരം മണ്ണുവിള പുത്തൻവീട്ടിൽ ജോണിന്റെ മകൻ ജോമോൻ (42) മരിച്ചു. കേസിൽ ദേവസ്വംപാടം മദ്ദളക്കാരൻപറമ്പിൽ ശ്രീജിത്തിനെ (30) വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്നയാളെയും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ 31ന് രാത്രി 10ന് വരാപ്പുഴയിലുള്ള ബാറിലായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ ജോമോൻ കളമശേരി മെഡിക്കൽ കോളേജിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. വയറിനേറ്റ മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതാണ് മരണകാരണം.
സംഭവത്തിന് ശേഷം ഒളിവിൽപോയ ശ്രീജിത്ത് ഇടയ്‌ക്ക് വീട്ടിലെത്തിയിരുന്നു. മൊബൈൽ ലോക്കേഷൻ പരിശോധിച്ച് ചേരാനല്ലൂരിലുള്ള ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. ശ്രീജിത്ത് നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ജോമോന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സംസ്കരിക്കും. മാതാവ്: ജോബ. ഭാര്യ: പ്രിയ. മക്കൾ: ജിയാന എസ്ര, തെരേസ റേച്ചൽ.