വയോധികയുടെ കയ്യിലെ സ്വർണ വള കവർന്ന മോഷ്ടാവ് പിടിയിൽ
കോട്ടയം: വീടിന് മുന്നിലെത്തിയ അപരിചിതന് വെള്ളമെടുക്കാൻ മരുമകൾ ഉള്ളിലേയ്ക്ക് പോയ തക്കം നോക്കി 95കാരയുടെ കയ്യിലെ ഒന്നരപവൻ തൂക്കമുള്ള സ്വർണവള കവർന്നെടുത്ത് മുങ്ങിയ കേസിൽ നിരവധി കേസിൽ പ്രതിയായ യുവാവ് പിടിയിൽ. കൊല്ലം പത്തനാപുരം പൂങ്കുളഞ്ഞി ഷാ മൻസിലിൽ ഷാ എസ് (28) ആണ് മണിമല പൊലീസിന്റെ പിടിയിലായത്. സെപ്തംബർ നാലിന് എരുമേലി വെള്ളംചിറ ഭാഗത്തെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം വീട്ടിലെത്തിയ പ്രതി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾക്ക് വെള്ളമെടുക്കുന്നതിനായി വയോധികയുടെ മരുമകൾ ഉള്ളിലേയ്ക്ക് പോയ സമയത്ത് പ്രതി വയോധികയുടെ കയ്യിൽനിന്നും വള ഊരിയെടുത്ത് കടന്നു കളയുകയായിരുന്നു. സംഭവത്തിൽ മണിമല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളിൽ പ്രതിയായ ഷായെപ്പറ്റി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സാജു വർഗീസിന് വിവരം ലഭിക്കുന്നത്.
പൊലീസ് സംഘം മണിമല സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. തുടർന്ന് മണിമല എസ്.ഐമാരായ ഉദയകുമാർ, അനിൽ കെ.പ്രകാശ് ചന്ദ്രൻ, എ.എസ്.ഐ ജോബി ജോസഫ് , സിവിൽ പൊലീസ് ഓഫിസർ എം.എസ് അനൂപ്, വിമൽ ബി.നായർ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യ്തു. ശാസ്താംകോട്ട, വെഞ്ഞാറമ്മൂട്, നൂറനാട് എന്നീ സ്റ്റേഷനുകളിൽ സ്ത്രീകളെ ആക്രമിച്ചതും മോഷണവും അടക്കമുള്ള കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതിയെ റിമാൻഡ് ചെയ്തു.