ആർ.കെ. വള്ളിച്ചിറയുടെ വിഷുപക്ഷി പറന്നകന്നു

Friday 14 November 2025 1:53 AM IST
ആർ.കെ. വള്ളിച്ചിറയും ഭാര്യ ചെല്ലമ്മ ടീച്ചറും

പാലാ: പ്രമുഖ കവി ആർ.കെ. വള്ളിച്ചിറയുടെ ''വിഷുപക്ഷി'' പറന്നകന്നു! കവിയുടെ ഭാര്യ 79കാരിയായ കെ.എൻ ചെല്ലമ്മ ടീച്ചറുടെ നിര്യാണം ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു. ദീർഘനാളായി കിടപ്പിലായിരുന്ന ചെല്ലമ്മ ടീച്ചറെ കൊച്ചുകുഞ്ഞിനെയെന്നപോലെ പരിചരിച്ചിരുന്നത് ഭർത്താവ് വി.ബി. രാമൻകുട്ടിയെന്ന കവി ആർ.കെ. വള്ളിച്ചിറയായിരുന്നു.

15 വർഷം മുമ്പ് ചെല്ലമ്മ ടീച്ചർക്ക് പക്ഷാഘാതമുണ്ടായി. പിന്നീട് കവിയുടെയും ടീച്ചറിന്റെ മക്കളുടെയും പരിചരണം കൊണ്ട് ചെല്ലമ്മ ടീച്ചർക്ക് ഒരുവിധം നടക്കാമെന്നായി. ഇതേക്കുറിച്ച് തന്റെ വിഷുപക്ഷി എന്ന കവിതാസമാഹാരത്തിൽ ''രണ്ടാം ബാല്യം'' എന്നൊരു കവിതയും പ്രിയതമയ്ക്കായി കവി എഴുതിച്ചേർത്തു. ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ ഭക്ഷണം വാരിക്കൊടുത്ത് കൈപിടിച്ച് പ്രിയപ്പെട്ടവളെ നടത്തിച്ചതിന്റെ അനുഭവങ്ങൾ ചേർത്തുകെട്ടിയാണ് കവി ആർ.കെ. വള്ളിച്ചിറ രണ്ടാം ബാല്യം എഴുതിയത്.

ചെല്ലമ്മ ടീച്ചർക്ക് വീണ്ടും പക്ഷാഘാതം വന്നതോടെ ജീവിതം കൂടുതൽ ക്ലേശകരമായി. കഴിഞ്ഞ ഏഴ് വർഷമായി ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിൽ കഴിഞ്ഞ പ്രിയതമയോടൊപ്പം എപ്പോഴും കവി കൂട്ടുനിന്നു. രാമപുരം പറോട്ടിയേൽ കുടുംബാംഗമായ കെ.എൻ. ചെല്ലമ്മ ടീച്ചർ ദീർഘകാലം ഞീഴൂർ വിശ്വഭാരതി ഹൈസ്‌കൂളിലെ മലയാളം അധ്യാപികയായിരുന്നു. കവി ആർ.കെ. വള്ളിച്ചിറ വലവൂർ ഗവ.സ്‌കൂളിൽ നിന്നും ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.

ചെല്ലമ്മ ടീച്ചറിന്റെ നിര്യാണത്തിൽ എം.പിമാരായ ജോസ് കെ.മാണി, ഫ്രാൻസീസ് ജോർജ്ജ്, മാണി സി.കാപ്പൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ മനോജ് ബി.നായർ തുടങ്ങിയവർ അനുശോചിച്ചു. കാവിൻപുറം ക്ഷേത്രത്തിലെ നവരാത്രി ഉത്സവ അക്ഷരാചാര്യനായ ആർ.കെ. വള്ളിച്ചിറയുടെ ഭാര്യ ചെല്ലമ്മ ടീച്ചറിന്റെ നിര്യാണത്തിൽ കാവിൻപുറം ദേവസ്വം ഭരണസമിതിയോഗം അനുശോചിച്ചു. പ്രസിഡന്റ് റ്റി.എൻ. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മീഡിയ കോഓർഡിനേറ്റർ ആർ.സുനിൽകുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു.