ഷെർലക് ഹോംസിന്റെ ഫാൻ, വൈറലായ ഫെഡോറ മാൻ
പാരീസ്: ഫ്രാൻസിലെ വിശ്വപ്രസിദ്ധമായ ലുവ്ര് മ്യൂസിയത്തിൽ പട്ടാപ്പകലുണ്ടായ കവർച്ച ഏവരെയും ഞെട്ടിച്ചിരുന്നു. ആഭരണങ്ങൾ എവിടെ പോയെന്നും പിന്നിൽ ആരൊക്കെയാണെന്നുമൊക്കെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയിൽ മറ്റൊരു രഹസ്യത്തിന്റെ ചുരുളഴിഞ്ഞിരിക്കുകയാണ്. ആരാണ് 'ഫെഡോറ മാൻ" എന്ന ചോദ്യത്തിന്റെ ഉത്തരമാണത്.
മോഷണമുണ്ടായ പിന്നാലെ ലുവ്രിന് പുറത്ത് തടിച്ചുകൂടിയ പൊലീസുകാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇക്കൂട്ടത്തിൽ പൊലീസ് വാഹനത്തിനും ഉദ്യോഗസ്ഥർക്കും മുന്നിൽ ഫെഡോറ തൊപ്പി ധരിച്ച്, കണ്ടാൽ ഷെർലക് ഹോംസിനെ ഒക്കെ പോലെ തോന്നിക്കുന്ന വേഷവുമായി ഒരു യുവാവ് നിൽക്കുന്നതിന്റെ ചിത്രം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.
20 -ാം നൂറ്റാണ്ടിലെ കുറ്റാന്വേഷകരെ പോലെ വസ്ത്രം ധരിച്ച ആ യുവാവ് സോഷ്യൽ മീഡിയയിൽ വൈറലായി. ഏതെങ്കിലും പ്രത്യേക ഡിറ്റക്ടീവ് ആണോ എന്നൊക്കെ സംശയം ഉയർന്നിരുന്നു. ഏതായാലും ഫെഡോറ മാന്റെ സസ്പെൻസ് അവസാനിച്ചിരിക്കുകയാണ്. പെഡ്രോ ഏലിയാസ് ഗാർസൻ ഡെൽവോക്സ് എന്ന 15കാരനാണ് ഫെഡോറ മാൻ. തെക്കു പടിഞ്ഞാറൻ പാരീസാണ് സ്വദേശം. അഗതാ ക്രിസ്റ്റിയുടെ ഹെർക്യൂൾ പ്വാറോ, ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് തുടങ്ങിയ ഡിറ്റക്ടീവ് കഥാപാത്രങ്ങളുടെ കട്ട ഫാനാണ് പെഡ്രോ.
കുടുംബത്തോടൊപ്പം മ്യൂസിയം കാണാൻ എത്തിയതാണ് പെഡ്രോ. എന്നാൽ മ്യൂസിയം അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. കവർച്ച നടന്ന വിവരം പെഡ്രോ അറിഞ്ഞിരുന്നില്ല. അടുത്ത് കണ്ട പൊലീസുകാരോട് വിവരം തിരക്കുന്നതിനിടെയാണ് ഫോട്ടോഗ്രാഫർമാരുടെ ഫ്രെയിമിൽ പെഡ്രോയും ഉൾപ്പെട്ടത്. തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായ വിവരം നാല് ദിവസം കഴിഞ്ഞ് ഒരു സുഹൃത്ത് വഴിയാണ് പെഡ്രോ അറിഞ്ഞത്. ന്യൂയോർക്ക് ടൈംസിൽ വരെ ചിത്രം പ്രത്യക്ഷപ്പെട്ടെന്ന് അറിഞ്ഞതോടെ പെട്രോ ആകെ ഞെട്ടി.
വീടിന് പുറത്തിറങ്ങുമ്പോൾ എല്ലാവരും തന്നെ ഒരു സെലിബ്രിറ്റിയെ പോലെ കാണാൻ തുടങ്ങിയെന്നും ഒറ്റ ഫോട്ടോ കൊണ്ട് സാഹചര്യം ഇത്രത്തോളം മാറിമറിയുമെന്നത് അത്ഭുതകരമാണെന്നും പെട്രോ പറഞ്ഞു. സമീപകാലത്താണ് 20 -ാം നൂറ്റാണ്ടിലെ വസ്ത്രരീതി പെട്രോ തന്റെ ഫാഷനാക്കി മാറ്റിയത്. സ്കൂളിലും ഇങ്ങനെയാണത്രെ പോകുന്നത്.