ഒടുവിൽ യു.എസ് 'തുറന്നു" സർക്കാർ ഷട്ട്‌ഡൗൺ അവസാനിച്ചു
വാഷിംഗ്ടൺ: യു.എസിനെ പ്രതിസന്ധിയിലാഴ്‌ത്തിയ സർക്കാർ 'ഷട്ട്‌ഡൗണി"ന് അന്ത്യം. യു.എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്‌ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള താത്കാലിക ഫണ്ടിംഗ് ബിൽ ഇന്നലെ പുലർച്ചെ ജനപ്രതിനിധി സഭയിൽ 222 വോട്ടോടെ പാസായി. 209 പേർ എതിർത്തു. പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബില്ലിൽ ഒപ്പുവച്ചതോടെ ഷട്ട്‌ഡൗൺ അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സർക്കാർ പ്രവർത്തനങ്ങളും സേവനങ്ങളും പഴയ നിലയിലേക്കെത്താൻ ദിവസങ്ങൾ വേണ്ടിവരും. അതേസമയം, 2026 ജനുവരി 30 വരെ സർക്കാർ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാനുള്ള ബില്ലാണ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പാസാക്കിയെടുത്തത്. അതിനാൽ തുടർന്നുള്ള ഫണ്ടിന് വേണ്ടി പുതിയ ബിൽ ജനുവരി 30ന് മുമ്പ് സെനറ്റിലും ജനപ്രതിനിധി സഭയിലും പാസാക്കിയെടുക്കണം. അല്ലെങ്കിൽ രാജ്യം വീണ്ടും ഷട്ട്ഡൗണിലേക്ക് നീങ്ങും. സാധാരണക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് സബ്സിഡി പദ്ധതി നീട്ടാനുള്ള വോട്ട് ഡിസംബറിൽ നടത്താമെന്ന് റിപ്പബ്ലിക്കൻമാർ സെനറ്റിലറിയിച്ചിരുന്നു. ഇതോടെ പാർട്ടിയുടെ എതിർപ്പ് മറികടന്ന് 8 ഡെമോക്രാറ്റിക് അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിൽ സെനറ്റിൽ പാസായതും പിന്നാലെ ജനപ്രതിനിധിസഭയിൽ എത്തിയതും.
കൃഷി, വെറ്ററൻസ് അഫയേഴ്സ് പോലുള്ള വകുപ്പുകൾക്ക് സെപ്തംബർ വരെ ഫണ്ട് നൽകാനും ബില്ലിൽ നിർദ്ദേശിക്കുന്നുണ്ട്. ഒക്ടോബർ 1നാണ് ഷട്ട്ഡൗൺ നിലവിൽ വന്നത്. ഇതോടെ അവശ്യ സർവീസുകൾ ഒഴികെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സ്തംഭിച്ചു. പ്രതിദിന വ്യോമഗതാഗതവും വെട്ടിക്കുറച്ചു.
# സേവനങ്ങൾ പുനരാരംഭിക്കും
ഷട്ട്ഡൗൺ അവസാനിച്ചതോടെ 14 ലക്ഷം ഫെഡറൽ ജീവനക്കാർക്ക് മുടങ്ങിയ ശമ്പളം ലഭിക്കും (അവശ്യ സേവനത്തിൽപ്പെടുന്നവർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നു. മറ്റുള്ളവർ താത്കാലിക അവധിയിലാണ്). പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും
നാഷണൽ പാർക്ക്, മ്യൂസിയം തുടങ്ങി ഫെഡറൽ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ പൊതുജനങ്ങൾക്കായി തുറക്കും
താഴ്ന്ന വരുമാനമുള്ള അമേരിക്കക്കാർക്കുള്ള ഭക്ഷ്യപദ്ധതികൾ പുനരാരംഭിക്കും
വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ ഗതിയിലാകും
വായ്പ, പതിവ് പരിശോധനകൾ തുടങ്ങിയവ പുനരാരംഭിക്കും
# ഡെമോക്രാറ്റുകൾ ഇടഞ്ഞു
സർക്കാർ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്ന ധനാനുമതി ബിൽ പുതിയ സാമ്പത്തിക വർഷാരംഭമായ ഒക്ടോബർ 1ന് മുമ്പ് സെനറ്റിൽ പാസാക്കാനായില്ല. ഇതോടെ ഷട്ട്‌ഡൗൺ പ്രഖ്യാപിച്ചു
നിറുത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും ഡിസംബറിൽ കാലാവധി തീരുന്ന ഇൻഷ്വറൻസ് സബ്സിഡി പദ്ധതി നീട്ടുന്നതും ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ആവശ്യം നിരാകരിച്ചതാണ് കാരണം. സെനറ്റിൽ ബിൽ പാസാകണമെങ്കിൽ 60 വോട്ട് വേണം (100 അംഗ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് - 53. ഡെമോക്രാറ്റുകൾ - 45. സ്വതന്ത്രർ - 2)