കാട്ടിലെ സിംഹം ' മൗസ് " !
ഡബ്ലിൻ: 'സർ വേഗം വരണം....വനമേഖലയിൽ സിംഹത്തെ പോലെ തോന്നിക്കുന്ന ഒരു ജീവി കറങ്ങി നടക്കുന്നുണ്ട്. ഞങ്ങൾക്ക് പുറത്തിറങ്ങാൻ ഭയമാണ്..." അയർലൻഡിലെ ക്ലെയർ കൗണ്ടിയിൽ ഒക്ടോബർ അവസാനം മുതൽ പൊലീസിന് ലഭിച്ച പരാതിയാണിത്. അജ്ഞാത ജീവിയുടെ അത്ര വ്യക്തമല്ലാത്ത വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചു. അങ്ങനെ സിംഹത്തെ തേടി ഇറങ്ങിയ പൊലീസ് ഒടുവിൽ കണ്ടെത്തിയത് 'മൗസ്" എന്ന് പേരുള്ള വളർത്തുനായയെ ആണ്. ന്യൂഫൗണ്ട‌്‌ലാൻഡ് ഇനത്തിൽപ്പെട്ട മൗസിന്റെ ശരീരത്തിലെയും വാലിലേയും നീണ്ട രോമങ്ങൾ സിംഹത്തെ പോലെ വെട്ടിയൊതുക്കിയിരുന്നു. സിംഹത്തിന്റേത് പോലുള്ള ഗോൾഡൻ ബ്രൗൺ നിറമാണ് മൗസിന്. ദൂരെ നിന്ന് നോക്കുമ്പോൾ ഒരു കൊച്ചു സിംഹത്തെ പോലെ തോന്നും. വിവരം പൊലീസ് കഴിഞ്ഞ ആഴ്ച നാട്ടുകാരെ അറിയിച്ചതോടെ ഭീതി ഒഴിഞ്ഞു. അതേ സമയം, ന്യൂഫൗണ്ട‌്‌ലാൻഡ് നായകളുടെ കട്ടിയേറിയ രോമം ഇത്തരത്തിൽ വെട്ടിയൊതുക്കുന്നത് ശരിയല്ലെന്ന് പൊലീസ് പറഞ്ഞു. ചൂടിൽ നിന്ന് ത്വക്കിനെ സംരക്ഷിക്കുന്ന കവചമായാണ് രോമാവരണം പ്രവർത്തിക്കുന്നത്. അവ അമിതമായി നീക്കിയാൽ നായകൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും പൊലീസ് പറഞ്ഞു. മൗസിന്റെ ഉടമകളെ പറ്റിയുള്ള വിവരം പുറത്തുവിട്ടിട്ടില്ല.