വിസ വാഗ്ദാനം ചെയ്‌ത് 17 പവൻ സ്വർണവും ഐ ഫോണും തട്ടിയെടുത്തു; തട്ടിപ്പിനിരയായത് സംസാരശേഷിയില്ലാത്ത ദമ്പതികൾ

Friday 14 November 2025 11:25 AM IST

തൃശൂർ: വിസ നൽകാമെന്ന് പറഞ്ഞ് സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്ന് 17 പവൻ സ്വർണവും ഐ ഫോണും തട്ടിയെടുത്ത സംഭവത്തിൽ സംസാരശേഷി ഇല്ലാത്ത യുവാവ് അറസ്റ്റിൽ. തിരൂർ പെരിന്തല്ലൂർ സ്വദേശി റാഷിദിനെയാണ് (25) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്‌തത്.

മണികണ്ഠേശ്വരം സ്വദേശികളായ ദമ്പതികളെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്. ഇവരിൽ ഭാര്യയുമായി പ്രതി സൗഹൃദം സ്ഥാപിച്ച ശേഷം ഭർത്താവിന് ഗൾഫിലേക്ക് വിസ വാഗ്ദാനം ചെയ്‌ത് കബളിപ്പിക്കുകയായിരുന്നു. ഇവരെ കുന്നംകുളത്ത് വിളിച്ചുവരുത്തി ചില പേപ്പറുകളിൽ ഒപ്പിട്ടുവാങ്ങിയ ശേഷം സ്വർണവും ഫോണും റാഷിദ് കൈക്കലാക്കുകയായിരുന്നു.

പിന്നീട് തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായതോടെയാണ് ദമ്പതികൾ പൊലീസിൽ പരാതി നൽകിയത്. എറണാകുളത്ത് നിന്നാണ് റാഷിദിനെ പിടികൂടിയത്. സമാനമായ രീതിയിൽ ചാലിശേരി സ്വദേശിയിൽ നിന്ന് ആറ് പവൻ സ്വർണം തട്ടിയെടുത്ത കേസിലും പ്രതിയാണ് റാഷിദ്.