ആര്യാ രാജേന്ദ്രൻ തലസ്ഥാനം വിട്ട് കോഴിക്കോട്ടേക്ക്? പാർട്ടിയുടെ അനുമതി തേടിയതായി റിപ്പോർട്ട്

Friday 14 November 2025 12:33 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറഷൻ മേയർ ആര്യാ രാജേന്ദ്രൻ തലസ്ഥാനത്ത് നിന്നും തന്റെ പ്രവർത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന് അനുമതി തേടി ആര്യ സിപിഎം നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. പാർട്ടി അനുമതി നൽകിയാൽ ഭാവി രാഷ്‌ട്രീയ പ്രവർത്തനം കോഴിക്കോട് ജില്ലയിലായിരിക്കും.

സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റ് ജില്ലകളിലും സംഘടനാ പരിപാടികളിൽ ആര്യ നേരത്തേ തന്നെ സജീവമാണ്. മേയർ ആയിരിക്കെ 2022 സെപ്‌തംബറിലായിരുന്നു ആര്യയുടെ വിവാഹം. രണ്ട് വയസുള്ള മകളുണ്ട്. കോഴിക്കോട് ബാലുശേരി മണ്ഡലത്തിലെ എംഎൽഎ സച്ചിൻ ദേവ് ആണ് ആര്യയുടെ ഭർത്താവ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മേയർ എന്ന ചുമതല അവസാനിച്ചു. ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിൽ മത്സരിക്കുന്നതുമില്ല. ആര്യയെ ഇനി നിയമസഭയിലേക്ക് പരിഗണിക്കാനാണ് തീരുമാനമെന്നതിനാൽ സംഘടനാ പ്രവ‌ർത്തനങ്ങളിൽ സജീവമാകാനാണ് പാർട്ടി നിർദേശം.