യുഎഇയിൽ വൻ ശമ്പളത്തോടെ ജോലി; വിമാനടിക്കറ്റും താമസവും ഉൾപ്പെടെ നിരവധി അനുകൂല്യങ്ങൾ, ഉടൻ അപേക്ഷിക്കൂ

Friday 14 November 2025 12:53 PM IST

യുഎഇയിലെ പ്രമുഖ കമ്പനിയിൽ തൊഴിലവസരം. ഇലക്‌ട്രിക്കൽ എഞ്ചിനീയർ തസ്‌തികയിലാണ് ഒഴിവുള്ളത്. ട്രെയിനി തസ്‌തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

ഫസ്റ്റ് ക്ലാസ് ബി.ടെക് ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇഇഇ ബിരുദം ആണ് ഉദ്യോഗാർത്ഥികൾക്ക് വേണ്ട യോഗ്യത. നിർമാണ സൈറ്റുകളിൽ ഇലക്‌ട്രിക്കൽ പ്രവർത്തനങ്ങൾ, ഇൻസ്റ്റാളേഷനുകൾ എന്നിവ നിരീക്ഷിക്കുന്നതിലും ഒന്ന് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും മെയിൻ കോൺട്രാക്‌ടർ, കൺസൾട്ടന്റ് ഇൻസ്‌പെക്ഷൻ എഞ്ചിനീയർമാർ എന്നിവരുമായി ഏകോപിപ്പിക്കുന്നതിലും പരിചയം ആവശ്യമാണ്. 21നും 30നും മദ്ധ്യേ ആയിരിക്കണം അപേക്ഷകരുടെ പ്രായപരിധി.

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 2000 മുതൽ 2500 ദിർഹം (48,368 - 60,461രൂപ) വരെയാണ് മാസശമ്പളം. സൗജന്യ താമസം, ഗതാഗതം, മെഡിക്കൽ ഇൻഷുറൻസ്, വർഷത്തിൽ രണ്ടുതവണയുള്ള വിമാനടിക്കറ്റ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും.