കേരളത്തിൽ നേടാത്ത വിജയം അവിടുത്തെ പ്രേക്ഷകർ‌ നൽകുമോ? മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ' ജപ്പാനിലേക്ക്

Friday 14 November 2025 2:49 PM IST

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' ജാപ്പനീസ് പ്രേക്ഷകരിലേക്ക്. ഒടിയനു ശേഷം വമ്പൻ ഹൈപ്പോടെ മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'മലൈക്കോട്ടൈ വാലിബൻ'. പക്ഷെ സിനിമ വേണ്ട പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിരുന്നില്ല. എന്നാൽ 2026 ജനുവരി 17ന് ജാപ്പനീസ് ഭാഷയിൽ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വലിയൊരു വഴിത്തിരിവാണ്.

ഫാന്റസി ത്രില്ലറായി ലിജോ ഒരുക്കിയ ചിത്രം 2024 ജനുവരി 25-നാണ് തിയേറ്ററുകളിൽ എത്തിയത്. മോഹൻലാലിന് പുറമെ, ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ്മ, സുചിത്ര നായർ, മനോജ് മോസസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജാപ്പനീസ് പ്രേക്ഷകർ ഇന്ത്യൻ ഫാന്റസി ത്രില്ലറിനെ എങ്ങനെ സ്വീകരിക്കുമെന്നാണ് സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത്.