നിങ്ങളുടെ വീടിരിക്കുന്നത് നാഗഭൂമിയിലാണോ? സംശയമുണ്ടെങ്കിൽ പരിശാേധിച്ചോളൂ

Friday 14 November 2025 3:27 PM IST

വീടിനും വീട്ടുകാർക്കും ഐശ്വര്യക്കേടും പ്രശ്നങ്ങളും വിട്ടൊഴിയാതെ ഉണ്ടാകുമ്പോഴാണ് അതിന് കാരണം തിരിക്കിയിറങ്ങുന്നത്. ഒരുതരത്തിലും ഐശ്വര്യം കിട്ടുന്നില്ലെന്നാണ് വീട്ടുകാരുടെ പരാതിയെങ്കിൽ വാസ്തുവിദഗ്ദ്ധർ ആദ്യംനോക്കുന്നത് വീടിരിക്കുന്ന സ്ഥലം നാഗഭൂമിയാണോ എന്നതാണ്. പണ്ടുകാലത്ത് നാട്ടിൽ വളരെ പ്രൗഢിയോടെ നിലനിന്നിരുന്ന ബ്രാഹ്മണ ഇല്ലങ്ങളും സർപ്പക്കാവുകളും കാലക്രമേണ നാശത്തിലേക്ക് നീങ്ങി നാമാവശേഷമായി. ഇതറിയാതെ ഇത്തരം ഇല്ലങ്ങളും സർപ്പക്കാവുകളും ഉണ്ടായിരുന്ന സ്ഥലങ്ങൾ വെട്ടിത്തെളിച്ച് വീടുനിർമ്മിക്കും. നന്നായി സൂര്യപ്രകാശം ഏൽക്കാത്ത ഇത്തരം സ്ഥലങ്ങളിൽ ഭൂമിയിലെ അദൃശ്യശക്തികൾ കയ്യേറ്റം നടത്തിയവയാണ് എന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. അത്തരം പ്രദേശത്തെയാണ് നാഗഭൂമി എന്നുപറയുന്നത്. ഇത്തരം പ്രദേശങ്ങളിൽ വീടുകൾ നിർമ്മിച്ചാൽ പല കാരണങ്ങൾ കൊണ്ടും വീട്ടുകാർക്ക് ഒരിക്കലും ഐശ്വര്യം കിട്ടില്ല.

വീട്ടുവളപ്പിൽ ഉപയോഗിക്കാത്ത കിണറുകൾ ചിലർ സെപ്റ്റിക് ടാങ്കുകളാക്കി മാറ്റാറുണ്ട്. ഇത്തരക്കാർക്ക് ഒരിക്കലും ഐശ്വര്യം ലഭിക്കില്ല എന്നുമാത്രമല്ല കഷ്ടപ്പാടുകളും രോഗങ്ങളും വിട്ടൊഴിയാതെ വന്നുകൊണ്ടിരിക്കും. ഉപേക്ഷിക്കപ്പെട്ട കിണറുകൾ ഒരുകാലത്ത് നമുക്ക് ശുദ്ധമായ കുടിവെള്ളം തന്ന് ജീവൻ നിലനിറുത്തിയവയാണ്. അങ്ങനെയുള്ള കിണറിനെ മലിനപ്പെടുത്താൻ പാടില്ല. കിണർ സെപ്ടിക്ക് ടാങ്കായി മാറ്റുന്നതോടെ അതിന്റെ ഉറവകൾ ഏതെല്ലാം ഭാഗത്തേക്ക് പോകുന്നുവോ ആ ഭാഗത്തെ ജലമെല്ലാം മലിനപ്പെടും. പ്രകൃതിക്ക് ഒരിക്കലും പൊറുക്കാവുന്ന കുറ്റമല്ല ഇത്. അതിനാലാണ് രോഗ ദുരിതങ്ങൾ ഉൾപ്പെടെയുളള കടുത്ത ശിക്ഷ ലഭിക്കുന്നത്. അതിനാൽ ഇത്തരം കാര്യങ്ങൾ ആലോചിക്കുന്നതുപോലും അരുത്.