കഴിഞ്ഞ തവണ മത്സരിച്ച പകുതിയിലേറെ സീറ്റിലും ജയം, ഇത്തവണ കൂട്ട തോൽവി, നിതീഷ്-മോദി തേരോട്ടത്തിൽ തകർന്ന് ഇടത് പാർട്ടികൾ

Friday 14 November 2025 3:28 PM IST

പാട്‌ന: പരമ്പരാഗതമായ ഇടത് കോട്ടകളിലും ഇത്തവണ വിള്ളൽ വീഴ്‌ത്തി ബീഹാറിൽ നിതീഷ്-മോദി സഖ്യം. കഴിഞ്ഞ തവണ സിപിഎംഎൽ, സിപിഎം,സിപിഐ എന്നീ ഇടത് പാർട്ടികളെല്ലാം ചേർന്ന് 29 സീറ്റുകളിലാണ് മത്സരിച്ചത്. ഇതിൽ 16 സീറ്റുകളിൽ 2020ൽ വിജയിക്കാനായി. എന്നാൽ ഇത്തവണ മിക്ക സീറ്റുകളിലും ഇടത് പാർട്ടികൾ തകരുകയും അവിടെയെല്ലാം ബിജെപി മുന്നിലെത്തുകയും ചെയ്‌തു. മുൻ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആത്മവിശ്വാസം ഇത്തവണ ഗുണം ചെയ്‌തില്ല. 33 സീറ്റുകളിലാണ് മൂന്ന് ഇടത് പാർട്ടികളും മത്സരിച്ചത് ഇതിൽ രണ്ടിടത്ത് മാത്രമേ ലീഡ് ചെയ്യുന്നുള്ളു.

മത്സരിച്ച 20 സീറ്റുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ് ലെനിനിസ്റ്റ്) ഒരേയൊരിടത്ത് മാത്രമേ ലീഡ് ചെയ്യുന്നുള്ളൂ. ഘോഷിയിൽ മാത്രം. ഇവിടെ ലീഡ് വെറും 1294 ആണ്. സിപിഎം ബിഭൂതിപൂരിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്. ഇവിടെ നിലവിൽ 5451 വോട്ടിന്റെ വ്യക്തമായ ലീഡുണ്ട്. അഗൗൻ, അരാ, അർവാൾ, ബൽറാംപൂർ, ഭോരെയ്, ദരൗലി, ദരൗണ്ട, ദിഘ, ദുംരവോൻ, കല്യാൺപൂർ, കാരകാട്, പാലിഗഞ്ച്, ഫുൽവാരി, പിപ്‌ര, രാജ്‌ഗിർ, തരാരി, വാരിസ്‌നഗർ, സിറാദെ എന്നിവിടങ്ങളിൽ സിപിഎംഎൽ രണ്ടാം സ്ഥാനത്തുണ്ട്. ഇടത് പാർട്ടികളിൽ ദേശീയ പാർട്ടിയായ സിപിഎം ഒരേയൊരിടത്ത് മാത്രം മുന്നിൽ വന്നത് വലിയ ചർച്ചകൾക്ക് വഴിവയ്‌ക്കും. സിപിഐ കഴിഞ്ഞ തവണ ജയിച്ച ടെഗ്രയിൽ ബിജെപി സ്ഥാനാർത്ഥി രജ്‌നീഷ് കുമാർ 29,872 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. പ്രതിപക്ഷ പാർട്ടികൾക്കുണ്ടായ കൂട്ട തകർച്ച ഇടത് പാർട്ടികളെയും ബാധിച്ചു എന്നുതന്നെ വേണം നിലവിലെ സ്ഥിതി കാണാൻ. മഹാസഖ്യത്തിനും ഇന്ത്യ മുന്നണിയ്‌ക്കും ഈ വമ്പൻ തോൽവി മറികടക്കുക എന്നത് വരുംനാളുകളിൽ വളരെ ശ്രമകരമായ കാര്യമാകും.