ലോകം പിടിച്ചെടുക്കാൻ ചൈനയ്ക്കുണ്ട് യന്ത്ര ചെന്നായ്ക്കൾ, പട്ടാളത്തിന് കഴിയാത്തത് ഇവയ്ക്ക് കഴിയും
ബീജിംഗ്: തായ്‌വാനെ സമ്പൂർണമായി പിടിച്ചടക്കാൻ റോബോട്ടിക് ചെന്നായ്ക്കളെ (യന്ത്ര ജീവികളെ) അണിനിരത്താൻ ചൈന തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഓട്ടോമാറ്റിക്ക് റൈഫിളുകളുമായി ഏത് ദുർഘട പ്രദേശത്തും കടന്നുചെന്ന് ശത്രുക്കളെ ഇല്ലാതാക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. യന്ത്രജീവികളെ അണിനിരത്തുന്നതോടെ പട്ടാളക്കാരുടെ ജീവനാശം പരമാവധി കുറയ്ക്കാനാവുമെന്നതും നേട്ടമായി അവർ ഉയർത്തിക്കാണിക്കുന്നു. യന്ത്ര ചെന്നായ്ക്കൾ എന്നാണ് ചൈനീസ് പട്ടാളം ഇവയെ വിശേഷിപ്പിക്കുന്നത്.
എഐയാണ് യന്ത്ര ചെന്നായ്ക്കളെ നിയന്ത്രിക്കുന്നത്. പട്ടാളത്തെ മുന്നിൽ നിന്ന് നയിക്കുന്നത് ഇവയാകും. 1.2 മൈൽ പരിധിയിൽ എവിടെയിരുന്നും ഇവയെ നിയന്ത്രിക്കാം.200 മീറ്റർ ദൂരം താണ്ടാൻ ഇവയ്ക്ക് വെറും മുപ്പതുസെക്കൻഡുകൾ മാത്രം മതി. യന്ത്ര ചെന്നായ്ക്കളുടെ ഫസ്റ്റ് ഷോട്ട് ഹിറ്റ് റേറ്റ് 92 ശതമാനം ആണെന്നാണ് ചൈനീസ് പട്ടാളത്തിന്റെ അവകാശവാദം. മുള്ളുവേലികൾ ഉൾപ്പെടെയുള്ള തടസങ്ങൾ അനായാസം മറികടക്കാനാവും. വെള്ളത്തിനടിയിൽപ്പാേലും മുപ്പതുമിനിട്ട് ഇവയ്ക്ക് അതിജീവിക്കാൻ കഴിയുമെന്നും ചൈന അവകാശപ്പെടുന്നുണ്ട്. രണ്ടുമണിക്കൂറിലധികം തുടർച്ചായി പോരാട്ടത്തിൽ ഏർപ്പെടാനും കഴിയും.
ഒരു യന്ത്ര ചെന്നായയുടെ ഭാരം 70 കിലോയാണ്. ഇവയ്ക്ക് വെടിക്കോപ്പുകൾ, മെഡിക്കൽ കിറ്റുകൾ, ആഹാര സാധനങ്ങൾ എന്നിവ ഉൾപ്പെടെ 20കിലോ ഭാരം വഹിക്കാനുള്ള കഴിവുമുണ്ട്. കാര്യങ്ങൾ ഇത്രയും പോസിറ്റീവാണെങ്കിലും ഇവയെ യുദ്ധമുഖത്ത് അണിനിരത്തുന്നത് എന്നുമുതലാണെന്ന് വ്യക്തമല്ല. സെപ്തംബറിൽ ടിയാനൻമെൻ സ്ക്വയറിൽ നടന്ന സൈനിക പരേഡിൽ യന്ത്രചെന്നായ്ക്കളെ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, യന്ത്രങ്ങൾക്ക് പ്രതിരോധശേഷി ഇല്ലെന്ന് ആരോപണമുണ്ട്.