ബ്രിട്ടീഷ് വിനോദസഞ്ചാരിയുടെ തലയിലേക്ക് പിൻസീറ്റിലിരുന്നയാൾ കാലെടുത്തുവച്ചു, മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ പരിഹാസം, പിന്നെ നടന്നത്

Friday 14 November 2025 4:19 PM IST

ബാങ്കോക്ക്: കാഴ്‌ച കാണാൻ പോകുന്നതിനിടെ വിനോദസഞ്ചാരികൾ തമ്മിൽ ഏറ്റുമുട്ടി. തായ്‌ലാന്റിലെ ഫുക്കറ്റിലാണ് സംഭവം. കാഴ്‌ചകാണാനായി ചെറിയൊരു വാനിൽ പോകുകയായിരുന്നു ബ്രിട്ടീഷ് പൗരനായ വിനോദസഞ്ചാരി. ഇതിനിടെ തൊട്ടുപിന്നിലിരുന്ന അറബ് സ്വദേശിയായ വിനോദസഞ്ചാരി അയാളുടെ കാൽ ബ്രിട്ടീഷ് പൗരന്റെ സീറ്റിലെ ഹെഡ്‌റസ്റ്റിൽ എടുത്തുവച്ചു. യുവാവ് ഇതോടെ സൗമ്യമായി കാൽ എടുത്തുമാറ്റണമെന്ന് ഇയാളോട് പറഞ്ഞു. എന്നാൽ കാൽ മാറ്റുന്നതിന് പകരം അറബ് ടൂറിസ്‌റ്റ് യുവാവിനെ നോക്കി പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയുമാണ് ചെയ്‌തത്. ഇതോടെ രംഗം വഷളായി.

യുവാവ് അറബ് വിനോദസഞ്ചാരിയെ മർദ്ദിച്ചു. പിന്നാലെ ഇയാൾ യുവാവിനെ തൊഴിക്കാൻ ശ്രമിച്ചു. ഇതോടെ ടൂർ കമ്പനി ജീവനക്കാർ ഇരുവരെയും പിടിച്ചുമാറ്റി. പ്രശ്‌നകാരണം അറബ് ടൂറിസ്റ്റാണെന്ന് ടൂർ കമ്പനി അധിക‌ൃതർ വ്യക്തമാക്കി. യുവാവ് കാൽ‌ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അറബ് ടൂറിസ്‌റ്റ് വഴങ്ങിയില്ല. ഇതോടെ ബ്രിട്ടീഷ് ടൂറിസ്റ്റ് വീഡിയോ റെക്കോ‌ഡ് ചെയ്യാൻ തുടങ്ങി. ഇതിനുശേഷവും അറബ് ടൂറിസ്റ്റ് കാൽമാറ്റിയിസല്ല, മാത്രമല്ല ബ്രിട്ടീഷ് യുവാവിന്റെ ക്യാമറയിൽ ഇടിക്കാനും ശ്രമിച്ചു. പിന്നാലെ ഊരിയിട്ട ഷൂസെടുത്ത് ബ്രിട്ടീഷുകാരനെ തല്ലാനും ഇയാൾ ശ്രമിച്ചു.

ബ്രിട്ടീഷ് വിനോദസഞ്ചാരി 'വിനയവും നല്ല പെരുമാറ്റവുമുള്ള ചെറുപ്പക്കാരൻ' ആണെന്ന് തായ് ടൂർ ഗൈഡ് യുത്താച്ചീ സമീ പറഞ്ഞു. ഫുക്കറ്റിൽ സൗജന്യ വിസ ആനുകൂല്യത്തിൽ എത്തുന്ന വിവിധ രാജ്യക്കാർ കുഴപ്പമുണ്ടാക്കുന്നുണ്ടെന്നാണ് പ്രാദേശിക ടൂർ ഗൈഡുമാർ പറയുന്നത്. സാധാരണ റഷ്യ, ഓസ്‌ട്രേലിയയടക്കം രാജ്യങ്ങളിലെ ജനങ്ങളാണ് ഇവിടെ കുഴപ്പങ്ങൾ ഉണ്ടാക്കാറെന്നാണ് ഇവിടുത്തുകാർ വ്യക്തമാക്കുന്നത്.