വാർത്തയ്ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു; അബദ്ധം സമ്മതിച്ച് പാക് പത്രം 'ഡോൺ'
കറാച്ചി: പ്രസിദ്ധീകരിച്ച വാർത്തയിൽ എഐ പ്രോംപ്റ്റ് കണ്ടെത്തിയതിനെ തുടർന്ന് കുഴപ്പത്തിലായി പാകിസ്ഥാനിലെ മുൻനിര ഇംഗ്ലീഷ് പത്രം ഡോൺ. നവംബർ 12ന് ബിസിനസ് പേജിലെ ഒരു റിപ്പോർട്ടിലാണ് തെറ്റ് സംഭവിച്ചത്. 1941ൽ മുഹമ്മദ് അലി ജിന്ന സ്ഥാപിച്ച പത്രമാണ് ഡോൺ. അവസാന ഖണ്ഡികയിൽ ചാറ്റ് ജിപിടിയുടെ ശൈലിയിലുള്ള സന്ദേശം വ്യക്തമായി കാണിച്ചിരുന്നു, ഇത് എഡിറ്റർമാർ അച്ചടിക്കുന്നതിന് മുമ്പ് ഇല്ലാതാക്കാൻ മറന്നുപോയതാണ് പിഴവിന് കാരണമായത്.
ഈ ലേഖനം ഫ്രണ്ട് പേജ് സ്റ്റൈലിലും ഇൻഫോഗ്രാഫിക് റെഡി -ലേഔട്ടിലും വായനക്കാർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ തയ്യാറാക്കി നൽകാം. അടുത്തത് അങ്ങനെ ചെയ്യണോ ഇങ്ങനെയായിരുന്നു വാർത്തയുടെ അവസാന ഖണ്ഡികയിൽ നൽകിയിരുന്നുന്നത്. ആമിർ ഷഫാത്ത് ഖാൻ എന്നയാൾ എഴുതിയ വാർത്തയിലാണ് പിഴവ് സംഭവിച്ചത്
അതേസമയം, ഇത്രയും വലിയ പാരമ്പര്യമുള്ള മാദ്ധ്യമ സ്ഥാപനത്തിൽ നിന്ന് ഇങ്ങനെയൊരു പിഴവ് സംഭവിച്ചതിൽ പല കോണുകളിൽ നിന്നും വിമർശനമുയർന്നു. പത്രത്തിന്റെ നിലവാരത്തകർച്ചയാണെിതെന്ന് പലരും ചൂണ്ടിക്കാണിച്ചു. മാദ്ധ്യമപ്രവർത്തകരും പൊതുപ്രവർത്തകരടക്കം പത്രത്തിലെ തെറ്റിനെ ചൂണ്ടിക്കാട്ടി പരിഹസിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിമർശനവും പരിഹാസവും ഉയർന്നതോടെ സംഭവിച്ച പിഴവിൽ വിശദീകരണവുമായി ഡോൺ പത്രം രംഗത്തെത്തിയിരുന്നു. ഒരു യുവ റിപ്പോർട്ടറുടെ ഭാഗത്ത് നിന്ന് പെട്ടെന്ന് ഉണ്ടായ അശ്രദ്ധയാണ് എഐ നിർമിത ഉള്ളടക്കത്തോടൊപ്പം പ്രോംപ്റ്റും അബദ്ധത്തിൽ പ്രസിദ്ധീകരിച്ചതെന്ന് പത്രം വിശദീകരിച്ചു.