ഓൺലൈൻ ടാക്സി സേവനങ്ങളിലും പകൽക്കൊള്ള, പുതിയ ഫീച്ചർ വിലപേശി പുലിവാൽ പിടിപ്പിക്കും
ബംഗളൂരു: ഏതൊരു സാധാരണക്കാരനും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഓൺലൈൻ ടാക്സിയിലൂടെ ലഭിക്കുന്നത്. എന്നാൽ ഓൺലൈൻ ടാക്സി സേവനങ്ങൾക്കും കൂടുതൽ പണം നൽകേണ്ട സാഹചര്യം വന്നാൽ എന്ത് ചെയ്യും. ഓട്ടോ-ബൈക്ക് ടാക്സി സേവനങ്ങളിലെ അധിക പണം ആവശ്യപ്പെടുന്ന പ്രവണത ഡിജിറ്റലായി മാറിയതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രമുഖ ബൈക്ക് ടാക്സി സേവനമായ 'റാപ്പിഡോ' അവതരിപ്പിച്ച പുതിയ ഫീച്ചറാണ് ഉപയോക്താക്കളുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത്.
ബംഗളൂരുവിലെ ഒരു ഉപയോക്താവ് റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റിലാണ് വിമർശനങ്ങൾ തുടങ്ങിയത്. യാത്ര ബുക്ക് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ, 200 രൂപ ഡ്രൈവർമാർ സ്വീകരിക്കില്ല. കൂടുതൽ പണം നൽകണമെന്ന സന്ദേശത്തോടൊപ്പം, '+35 രൂപ, +45 രൂപ, +55 രൂപ' എന്നിങ്ങനെ കൂടുതൽ പണം നൽകാനുള്ള ഓപ്ഷനുകൾ കാണിക്കുന്ന റാപ്പിഡോ ആപ്പിന്റെ സ്ക്രീൻഷോട്ടാണ് യുവാവ് റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്. ഓൺലൈൻ ടാക്സി സേവനങ്ങളിൽ വച്ച് ഏറ്റവും മോശം ഫീച്ചറാണിതെന്ന തലക്കെട്ടോടെയാണ് യുവാവ് പോസ്റ്റ് പങ്കിട്ടത്. നിരവധിപേർ തങ്ങൾ നേരിട്ട ദുരനുഭവങ്ങളും പങ്കുവച്ചു.
'ഇത് പകൽക്കൊള്ളയ്ക്ക് തുല്യമാണ്. ഡ്രൈവർമാർ യാത്ര സ്വീകരിക്കുന്നില്ലെന്ന് വരുത്തിത്തീർക്കാൻ ആപ്പ് മനഃപൂർവം വില വർദ്ധിപ്പിക്കുകയും, തുടർന്ന് കൂടുതൽ പണം ആവശ്യപ്പെടുകയുമാണ്,' ഒരു ഉപയോക്താവ് രൂക്ഷമായി വിമർശിച്ചു. 'ഡിജിറ്റലൈസ്ഡ്' വിലപേശലെന്ന് മറ്റൊരാൾ കുറിച്ചു.
പ്രതിഷേധങ്ങൾ വർദ്ധിച്ചതോടെ പല ഉപയോക്താക്കളും യാത്രാ ആപ്പുകളെ ആശ്രയിക്കുന്നത് പൂർണ്ണമായും നിർത്തിയതായി അഭിപ്രായപ്പെട്ടു. 'എല്ലാ ആപ്പുകളും ഞാൻ നീക്കം ചെയ്തു. ഇപ്പോൾ പൊതുഗതാഗതം ലഭ്യമല്ലെങ്കിൽ സ്വന്തം സ്കൂട്ടറിനെയാണ് ആശ്രയിക്കാറ്,' ഒരാൾ പറഞ്ഞു. 'വിലപേശലിന്റെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കിയതുകൊണ്ടാണ് ഇത്തരം ആപ്പുകൾ വിജയിച്ചത്', ഒരു ഉപയോക്താവ് പ്രത്യേകം എടുത്ത് പറഞ്ഞു.