ശബ്‌ദം പിടിച്ചെടുത്തത് സ്വന്തം വർഗത്തിൽ പെട്ടവരല്ല പകരം മനുഷ്യർ, കൂട്ടില്ലാതെ കാലങ്ങളോളം സമുദ്രത്തിൽ കഴിയുന്ന ഒരു തിമിംഗലം
ഇപ്പോൾ നിലവിലുള്ള ലോകത്തിലെ ഏറ്റവും വലിയ ജീവി തിമിംഗലങ്ങളാണ്. ക്രില്ലുകൾ എന്ന കുഞ്ഞൻ ജീവികളെയാണ് ഇവ ഭക്ഷിക്കുന്നത്. ഏതാണ്ട് എല്ലാ തിമിംഗലങ്ങളും കൂട്ടമായാണ് കഴിയുന്നത്. വേട്ടയാടാനും മറ്റിടങ്ങളിലേക്ക് ദേശാടനം നടത്താനും ഇവ കൂട്ടമായി സഞ്ചരിക്കുന്നു. ഇവ തമ്മിൽ സംസാരിക്കുന്നത് 10 മുതൽ 40 ഹെഡ്‌സ് വരെയുള്ള കുറഞ്ഞ ആവൃത്തിയിലാണ്. ഈ ആവൃത്തിയിൽ അവ പാട്ട് പാടുന്നതുപോലെ ശബ്‌ദമുണ്ടാക്കുകയും മറ്റും ചെയ്യുന്നത് പതിവാണ്. ഇതിന് മുകളിൽ ആവൃത്തിയിലെ ശബ്‌ദം ഇവയ്‌ക്ക് തിരിച്ചറിയാൻ കഴിയില്ല. അത്ര ഉയരത്തിലുള്ള ശബ്‌ദമുണ്ടാക്കുന്ന ഒരു തിമിംഗലത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
പസഫിക് സമുദ്രമേഖലയിലാണ് ഈ തിമിംഗലമുള്ളത്. കാലിഫോർണിയ തീരത്തെ അല്യൂഷിയൻ മുതൽ കോഡിയാക്ക് ദ്വീപുകൾ വരെയുള്ള ഭാഗങ്ങളിൽ നിന്നാണ് ഈ തിമിംഗലത്തിന്റെ ശബ്‌ദം അന്തർവാഹിനികളിലും യുഎസ് സൈന്യത്തിന്റെ ഹൈഡ്രോഫോണുകളിലും പതിഞ്ഞത്. സാധാരണ തിമിംഗലങ്ങളുടെ കുറഞ്ഞ ആവൃത്തിയിലെ ശബ്‌ദം ആയിരക്കണക്കിന് മൈലുകൾ വരെ സഞ്ചരിക്കാറുണ്ട്. എന്നാൽ ഈ തിമിംഗലത്തിന്റെ ശബ്‌ദം മറ്റ് തിമിംഗലങ്ങൾക്ക് കേൾക്കാനാകാത്തതിനാൽ ഇത് പതിറ്റാണ്ടുകളായി ഏകാകിയാണ്. 1980കൾ മുതലാണ് 52 ഹെട്‌സ് ആവൃത്തിൽ ശബ്‌ദമുണ്ടാക്കുന്ന ഈ തിമിംഗലത്തെ ശാസ്‌ത്രലോകം ശ്രദ്ധിച്ചുതുടങ്ങിയത്. എന്നാൽ ഇവയ്‌ക്ക് പ്രതിദ്ധ്വനി കേട്ടിരുന്നില്ല. ശബ്‌ദത്തിൽ നിന്ന് ആരോഗ്യവാനായ ഒരു തിമിംഗലമാണ് ഒച്ചയുണ്ടാക്കുന്നതെന്ന് ഗവേഷകർക്ക് മനസിലായി.
1989ലാണ് ആദ്യമായി ഈ തിമിംഗലത്തിന്റെ ശബ്‌ദം കേട്ടത്. പിന്നീട് 1991ലും 1992ലും ശബ്‌ദം ലഭിച്ചു. നീലത്തിമിംഗലമോ ഫിൻ വേൽ അഥവാ ചിറകൻ തിമിംഗലമോ ആണ് ഈ വ്യത്യസ്‌ത ശബ്‌ദത്തിനുടമയെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ കക്ഷിയെ ഇതുവരെ കാണാനായിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഇപ്പോഴും 52 ഹെട്‌സ് തിമിംഗലം എന്ന ഈ തിമിംഗലം പസഫിക്കിലുണ്ട്.