ആളൊഴിഞ്ഞ് കോൺഗ്രസ് ഓഫീസ്, ബീഹാറിൽ കോൺഗ്രസിന് കനത്ത തിരിച്ചടി
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോൽവിയുടെ ആഘാതത്തിലാണ് കോൺഗ്രസ്. കോൺഗ്രസ് പ്രവർത്തകർ ആരുമില്ലാത്ത ഡൽഹിയിലെ കോൺഗ്രസ് ഓഫീസ് ദൃശ്യങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. ആളൊഴിഞ്ഞ കോൺഗ്രസ് ഓഫീസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
സമീപകാലത്തെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്തവണ ബീഹാറിൽ കോൺഗ്രസ് കാഴ്ചവച്ചത്. കഴിഞ്ഞ തവണ വിലപേശി വാങ്ങിയ 70 സീറ്റിൽ 19 എണ്ണത്തിൽ മാത്രമായിരുന്നു കോൺഗ്രസിന്റെ ജയം. ഇത്തവണ ബീഹാർ കോൺഗ്രസ് അദ്ധ്യക്ഷൻ രാജേഷ് കുമാറിന് ഉൾപ്പെടെ കനത്ത തോൽവിയായിരുന്നു . മാസങ്ങൾക്ക് മുമ്പേ ബീഹാർ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് ആദ്യം ഇറങ്ങിയത് കോൺഗ്രസ് ആയിരുന്നു. എസ്ഐആറിന്റെ മറവിൽ വൻ തോതിൽ വോട്ടുകൊള്ള നടന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. വോട്ട് കൊള്ളയും വൻ ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ, വോട്ടുകൊള്ളയും അനുബന്ധ ആരോപണങ്ങളും ബിഹാർ ജനത മുഖവിലയ്ക്കെടുക്കാതെ തള്ളുകയായിരുന്നുവെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ 240 സീറ്റ് നേടിയ ബിജെപിക്ക് തെലുങ്കുദേശം പാര്‍ട്ടിയുടെ 16 ഉം ജനതാദള്‍ യുവിന്‍റെ 12 ഉം ഉള്‍പ്പെടെ 293 എംപിമാരുടെ പിന്തുണയാണുളളത്. ബീഹാറിൽ നാല്‍പതില്‍ 30 സീറ്റിലും വിജയിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞു. ബീഹാറിലെ ഈ എംപിമാരെ കേന്ദ്രത്തിൽ ഉറപ്പിച്ചു നിർത്താനും ഈ വിജയം സഹായിക്കും. വരാനിരിക്കുന്ന അസം,ബംഗാൾ തിരഞ്ഞെടുപ്പുകളിലും ഇത് കരുത്താകുമെന്നാണ് എൻഡിഎയുടെ വിശ്വാസം.