ബീഹാറിൽ മാത്രമല്ല, ജമ്മു കാശ്മീരിലും ബി ജെ പിയുടെ തേരോട്ടം, ഉപതിരഞ്ഞെടുപ്പിൽ ദേവയാനി റാണയ്ക്ക് മിന്നും ജയം

Friday 14 November 2025 6:51 PM IST

ശ്രീനഗർ: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർ‌പ്പൻ വിജയവുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് ജമ്മു കാശ്മീരിലും മികച്ച നേട്ടം. നാഗ്രോട്ട മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി ദേവയാനി റാണ 24600 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജമ്മി കാശ്മീർ നാഷണൽ പാന്തേർസ് പാർട്ടി സ്ഥാനാർത്ഥി ഹർസ് ദേവ് സിംഗാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് ബഹുദൂരം പിന്നിലാണ്,​ 2024ൽ ബി.ജെ.പി എം.എൽ.എയായിരുന്ന ദേവേന്ദർ സിംഗ് റാണയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ദേവേന്ദർ സിംഗ് റാണയുടെ മകളാണ് ദേവയാനി. കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടന്ന ബുദ്ഗമിലും നാഷണൽ കോൺഫറൻസിന് വൻതിരിച്ചടി നേരിട്ടു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബുദ്ഗാം മണ്ഡലത്തിൽ മെഹബൂബ മുഫ്‌തിയുടെ പി.ഡി.പിയോട് നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. പി.ഡി.പി സ്ഥാനാർത്ഥി ആഗാ സയിദ് മുൻതസീർ 4478 വോട്ടിനാണ് നാഷണൽ കോൺഫറൻസിന്റെ ആഗ സയിദ് മെഹ്‌മൂദിനെ പരാജയപ്പെടുത്തിയത്. ഒമർ അബ്ദുള്ളയും ശ്രീനഗർ എം.പി ആഗ റൂഹുള്ളയും തമ്മിലുള്ള തർക്കം തിരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. ആഗ റൂഹുള്ള ബുദ്ഗാം മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയിരുന്നില്ല.