പ്രണയം നടിച്ച് സ്കൂട്ടറും മൊബൈലും കവർന്ന യുവതിയും സുഹൃത്തും അറസ്റ്റിൽ

Saturday 15 November 2025 12:18 AM IST

കളമശേരി: വാട്ട്സ്ആപ്പ് വഴി പരിചയപ്പെട്ട യുവാവിന്റെ സ്കൂട്ടറും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ എളമക്കര ചെമ്മാട് വീട്ടിൽ അപർണ സി.എസ് (20), സുഹൃത്ത് മുളന്തുരുത്തി കണയന്നൂർ പടിഞ്ഞാറെ കൊല്ലംപടിക്കൽ വീട്ടിൽ സോജൻ പി.എസ് (25) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം കൊല്ലംപടി സ്വദേശിയായ യുവാവിനെ പ്രണയം നടിച്ച് നേരിൽ കാണാനും ഭക്ഷണം കഴിക്കാനുമായി ഇടപ്പള്ളിയിലെ മാളിലേക്ക് അപർണ ക്ഷണിച്ചു. ഈ മാസം ആറിന് വൈകിട്ട് 3ന് മാളിലെത്തി പരിചയപ്പെട്ട ശേഷം ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യുവാവിന്റെ കൈയിൽ നിന്ന് മൊബൈൽ ഫോണും സ്കൂട്ടറിന്റെ താക്കോലും തന്ത്രപൂർവ്വം അപർണ കൈക്കലാക്കി. സൗഹൃദത്തിൽ സംസാരിച്ചു മൊബൈൽ ഫോണിന്റെ പാസ്‌വേർഡ് മാറ്റി. യുവാവ് കൈകഴുകാൻ പോയ സമയം അപർണയും പുറത്തു കാത്തുനിന്നിരുന്ന സോജനും മൊബൈലും സ്കൂട്ടറുമായി കടന്നു.

മോഷ്ടിച്ച ഫോണിൽ നിന്ന് ഗൂഗിൾ പേ വഴി 950 രൂപ അപർണയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് ഇരുവരും കോയമ്പത്തൂർ, മൈസൂർ എന്നിവിടങ്ങളിൽ കറങ്ങി തിരിച്ച് പാലക്കാട് എത്തിയപ്പോൾ സ്കൂട്ടർ കേടായി. നമ്പർ പ്ലേറ്റുകൾ, ബാറ്ററി എന്നിവ അഴിച്ചുമാറ്റി സ്കൂട്ടർ അവിടെ ഉപേക്ഷിച്ച് കടന്നു. 13ന് മുളന്തുരുത്തിയിൽ നിന്ന് ഇൻസ്പെക്ടർ ദിലീഷ്. ടി, എസ്.ഐമാരായ നവീൻ, ഷബീർ, എസ്.സി.പി.ഒ പ്രദീപ്, സി.പി.ഒമാരായ ധന്യശ്രീ, മാഹിൻ, വിനു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.