തെരുവ് നായയ്ക്ക് ആര് മണികെട്ടും
വന്യമൃഗങ്ങളോട് പൊരുതിയാണ് ഇടുക്കിയിലെ കുടിയേറ്ര കർഷകർ ജീവിതം കരുപ്പിടിപ്പിച്ചത്. ഇപ്പോൾ നാട്ടിലെ മൃഗങ്ങളോടും പോരടിക്കേണ്ട സ്ഥിതിയാണവർക്ക്. തെരുവുനായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായും നിലച്ച അവസ്ഥയിലാണ്. കുട്ടികളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൂടുതൽ ഇരകളാകുന്നത്. പല നഗരത്തിലും നൂറുകണക്കിന് നായ്ക്കൾ ചുറ്റിത്തിരിയുന്നതിനാൽ ഭീതിയോടെയാണ് ഇപ്പോൾ ജനങ്ങൾ പുറത്തിറങ്ങുന്നത്. നേരത്തെ നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നു. എന്നാൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം ഇതിനു തടയിട്ടു. നിലവിൽ തെരുവുനായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ല. നായ്ക്കൾ നാട്ടുകാരുടെ വളർത്തു മൃഗങ്ങളെയും ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്. കൂട്ടമായെത്തുന്ന നായ്ക്കൾ വഴിയോരങ്ങളിൽ തലങ്ങും വിലങ്ങും വിലസുമ്പോൾ വാഹനയാത്രികരും ഭീതിയിലാണ്. ശാന്തമായി എത്തുന്ന നായ പലപ്പോഴും പെട്ടെന്ന് തന്നെ ആക്രമണകാരിയായി മാറാറുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് പായുന്നതും പതിവാണ്. ജില്ലയിൽ രാപ്പകൽ ഭേദമില്ലാതെ തെരുവുനായ ശല്യം രൂക്ഷമായിട്ടും ഇതിന് തടയിടാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ല. പല സ്ഥലത്തും ആശുപത്രി പരിസരങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, അടഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെയാണ് തമ്പടിക്കുന്നത്. നായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവയുടെ വംശവർദ്ധന തടയുന്നതിനാവശ്യമായ പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയരുകയാണ്. ഇടുക്കി
ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് നൂറോളം പേരാണ്. ഈ വർഷം ഇതുവരെ 5249 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. തെരുവ് നായ്ക്കളടക്കമുള്ളവയുടെ കണക്കാണിത്. കുട്ടികളാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൂടുതൽ ഇരകളാകുന്നത്. പലയിടങ്ങളിലും നൂറുകണക്കിന് നായ്ക്കളാണ് ചുറ്റിത്തിരിയുന്നത്. ഭീതിയോടെയാണ് ഇപ്പോൾ ജനങ്ങൾ പാതകളിൽ കൂടി സഞ്ചരിക്കുന്നത്. സുപ്രീം കോടതിയുടെ ഇടപെടലോടെ ജില്ലയിലും തെരുവുനായ ശല്യത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷയെങ്കിലും എ.ബി.സി സെന്റർ നിർമ്മാണം വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ എണ്ണം ആശങ്കാജനകമായി വർദ്ധിച്ചിട്ടും ഇവയുടെ നിയന്ത്രണത്തിൽ അധികൃതരുടെ മെല്ലെപ്പോക്ക് ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജില്ലയിൽ നഗര, ഗ്രാമീണ മേഖലകൾ കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തെരുവുനായകളുടെ ശല്യം അനിയന്ത്രിതമാണ്. തെരുവുനായ നിയന്ത്രണത്തിന് ജില്ലയിൽ ഒരു നടപടിയും ഉണ്ടാകാത്തതാണ് ഇവിടെ നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്നാണ് ആക്ഷേപം.
പേവിഷബാധ മാരകം
പേവിഷബാധയുണ്ടാക്കുന്ന വൈറസ് പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. നായ്ക്കളിൽ നിന്നാണ് മനുഷ്യർക്ക് കൂടുതലും പേവിഷബാധയുണ്ടാകുന്നത്. പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയോ, മാന്തലോ, നക്കലോ മൂലം മനുഷ്യർക്ക് രോഗാണുബാധ ഉണ്ടാകാം. തലവേദന, ക്ഷീണം, നേരിയ പനി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. വളർത്തുമൃഗങ്ങൾക്ക് പ്രത്യേകിച്ച് നായ, പൂച്ച എന്നിവയ്ക്ക് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകുകയാണ് രോഗം തടയാനുള്ള പ്രധാന മാർഗം. നായ്ക്കൾക്ക് ജനിച്ച ശേഷം രണ്ടാം മാസം ആദ്യ ഡോസും, മൂന്നാം മാസം രണ്ടാം ഡോസും തുടർന്ന് എല്ലാ വർഷവും ബൂസ്റ്റർ ഡോസ് വാക്സിനും നൽകണം. മൃഗങ്ങളെ പരിപാലിക്കുന്നവർ പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണം. മൃഗങ്ങളുടെ കടിയോ, മാന്തലോ ഏറ്റാൽ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റു നേരം കഴുകണം. ഇത് രോഗാണുബാധ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും. തുടർന്ന് എത്രയും വേഗം പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്‌പ്പെടുക്കണം.
നായശല്യത്തിന് കാരണം മാലിന്യം
പൊതുജനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം നിക്ഷേപിക്കലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവുനായ്ക്കൾ പെരുകാനിടയാക്കുന്നത്. മാലിന്യനിർമാർജ്ജനത്തിനുള്ള പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ നടപ്പിലാക്കുന്നെങ്കിലും മാലിന്യം കുന്നുകൂടുന്നത് കുറയ്ക്കാൻ ഇത് ഫലപ്രദമാകുന്നില്ല. നഗരത്തിലെ സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലും റോഡരികിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾക്കരികിലും നായ്ക്കൾ കൂട്ടമായി വിഹരിക്കുന്നത് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും പരിസരവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അറവുശാലകളിൽ നിന്ന് റോഡരികിലും ഒഴിഞ്ഞ സ്ഥലത്തും തള്ളുന്ന ഇറച്ചിമാലിന്യങ്ങൾ തിന്നാനെത്തുന്ന നായ്ക്കളും ആളുകൾക്ക് വലിയ ഭീഷണിയാണ്.
നിർജീവമായ വന്ധ്യംകരണം
ആനിമൽ ബർത്ത് കൺട്രോൾ(എ.ബി.സി) പ്രകാരം നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട് ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കുന്ന എ.ബി.സി സെന്റർ നിർമ്മാണം പൂർത്തിയായിട്ടില്ല. കുയിലിമലയിൽ ജില്ലാ പഞ്ചായത്ത് വിട്ടു നൽകിയ അരയേക്കർ സ്ഥലത്താണ് നായ്ക്കളുടെ വന്ധ്യംകരണത്തിനും മറ്റുമായുള്ള എ.ബി.സി സെന്റർ നിർമിക്കുന്നത്. ഇതിനായി മൂന്നര കോടിയാണ് വകയിരുത്തിയിരിക്കുന്നത്. സെന്ററിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും 70 ശതമാനം പൂർത്തിയായതായും അധികൃതർ പറയുന്നു. എ.ബി.സി സെന്റർ നിർമ്മാണം പൂർത്തിയായാൽ തദ്ദേശ സ്ഥാപനങ്ങളിൽ അലഞ്ഞു തിരിയുന്ന തെരുവു നായ്ക്കളെ പിടികൂടി ഇവിടേയ്ക്ക് മാറ്റും.
പതിനായിരത്തിലധികം
തെരുവുനായ്ക്കൾ
2019ൽ കന്നുകാലി സെൻസസിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് നടത്തിയ വിവര ശേഖരണത്തിലെ കണക്കുപ്രകാരം ജില്ലയിൽ 7375 തെരുവ് നായ്ക്കളെ കണ്ടെത്തി. ആറുവർഷം പിന്നിട്ടതിനാൽ തെരുവുനായ്ക്കളുടെ എണ്ണം 10,000 കടന്നിരിക്കാമെന്നാണ് നിഗമനം. ഈ വർഷം ഏപ്രിൽ 15 ന് പുതിയ ലൈവ് സ്‌റ്റോക്ക് സെൻസസ് പൂർത്തിയാക്കിയിട്ടുണ്ട്. ശേഖരിച്ച വിവരങ്ങൾ കേന്ദ്ര സർക്കാർ പോർട്ടലിലേക്ക് അയച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടത് കേന്ദ്രസർക്കാരാണ്.