ജയിലർ 2 വീണ്ടും ചെന്നൈയിൽ മേഘ്ന രാജും

Saturday 15 November 2025 6:00 AM IST

ഇടവേളയ്ക്കുശേഷം മേഘ്ന രാജ് തമിഴിൽ

രജനികാന്ത് നായകനായി നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ 2 അവാസന ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിച്ചു. മലയാളത്തിനും തെന്നിന്ത്യൻ സിനിമാലോകത്തിനും പരിചിതയായ മേഘ് നരാജ് ചെന്നൈ ഷെഡ്യൂളിൽ ജോയിൻ ചെയ്തു . ജയിലർ 2 ൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് മേഘ്ന രാജ് അവതരിപ്പിക്കുന്നത്. മികച്ച കന്നട നടിക്കുള്ള കർണാടക സർക്കാരിന്റെ അവാ‌ർഡ് അടുത്തിടെ കരസ്ഥമാക്കിയ മേഘ്ന രാജ് 2010ൽ കാതൽ സൊല്ല വന്തേൻ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ എത്തുന്നത്. ഇടവേളയ്ക്കുശേഷം തമിഴിൽ അഭിനയിക്കുന്ന ചിത്രം ആണ് ജയിലർ 2. ആദ്യമായി രജനികാന്ത് ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മലയാളിതാരം രാജേഷ് മാധവൻ തമിഴ് അരങ്ങേറ്റം നടത്തുന്ന ചിത്രം ആണ് ജയിലർ 2. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സുനിൽ സുഖദ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, ഷംന കാസിം എന്നിവരാണ് ജയിലർ 2ൽ അഭിനയിക്കുന്ന മലയാളി താരങ്ങൾ. കന്നട സൂപ്പർ താരം ശിവരാജ് കുമാർ, ബോളിവുഡ് താരം ജാക്കി ഷ്റഫ്, എസ്. ജെ. സൂര്യ , രമ്യകൃഷ്ണൻ, മിർണ മേനോൻ,സന്താനം യോഗിബാബു, വസന്ത്, സുനിൽ, വി.ടി.വി ഗണേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

അതേസമയം ജയിലർ 2 വിൽ അതിഥി താരമായി മോഹൻലാൽ എത്തുമെന്ന കാര്യം ഉറപ്പായിട്ടില്ല. തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ ചിത്രത്തിൽനിന്ന് പിൻമാറി എന്നാണ് വിവരം. ജയിലറിന് സംഗീതം ഒരുക്കിയ അനിരുദ്ധ് രവിചന്ദർ തന്നെയാണ് ഈണം. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ. എഡിറ്റിംഗ് ആർ. നിർമൽ. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം.