കോണ്‍ഗ്രസിന്റേത് നെഗറ്റീവ് പൊളിറ്റിക്‌സെന്ന് നരേന്ദ്ര മോദി, ബീഹാറിലെ മഹാവിജയം ആഘോഷമാക്കി ബിജെപി
ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയം ആഘോഷമാക്കി ബിജെപി. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ബീഹാറിലേത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നതായിരുന്നു മോദിയുടെ പ്രസംഗം. ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നെഗറ്റീവ് പൊളിറ്റിക്‌സ് ആണ് കോണ്‍ഗ്രസ് പുറത്തെടുത്തതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
വോട്ടിംഗ് മെഷീനിനേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും കുറ്റം പറയുന്ന കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികള്‍ക്ക് ഒരു ബാദ്ധ്യതയായി മാറിയെന്നും നരേന്ദ്ര മോദി പരിഹസിച്ചു. ജനത്തിന് വേണ്ടത് വിവാദങ്ങളല്ല വികസനമാണെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസും മാവോയിസ്റ്റുകളും വികസനം മുടക്കികളാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇപ്പോഴുള്ള കോണ്‍ഗ്രസെന്നാല്‍ അത് മുസ്ലീം ലീഗ്- മാവോയിസ്റ്റ് കോണ്‍ഗ്രസ് ആണെന്നും മോദി വിമര്‍ശിച്ചു.
'ഛഠീ മയ്യാ കി ജയ്' വിളിച്ചാണ് മോദി തന്റെ പ്രസംഗം തുടങ്ങിയത്. ഛഠ് പൂജയെ നാടകമെന്ന് പറഞ്ഞ് കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് വിജയമെന്നും നാടകമെന്ന് പറഞ്ഞവര്‍ മാപ്പ് പറയാന്‍ ഇനിയും തയ്യാറായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെപി നദ്ദ സ്വീകരിച്ചു. അക്ഷീണം പ്രയത്‌നിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദ നന്ദി അറിയിച്ചു.
ഇത് ട്രെന്‍ഡ് അല്ല സുനാമിയാണെന്നും രാജ്യത്തും ബീഹാറിലും ജനം മോദിയില്‍ വിശ്വാസം അര്‍പ്പിച്ചു, ജംഗിള്‍ രാജിന് പകരം ജനം വികസനത്തെ പുല്‍കി.
ജംഗിള്‍ രാജിന് നോ എന്‍ട്രി. 2024 ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കുറച്ചു സീറ്റ് കുറഞ്ഞു പോയതില്‍ ജനം നിരാശരായി. തുടര്‍ന്നുള്ള എല്ലാ തിരഞ്ഞെടുപ്പിലും അചഞ്ചലമായ പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. പ്രതിപക്ഷത്തിന് കനത്ത മറുപടി നല്‍കി. രാജ്യ താത്പര്യത്തിന് ഒപ്പമാണ് ജനങ്ങള്‍ എന്ന് പഠിപ്പിച്ചു എന്നും ജെ പി നദ്ദ ബിജെപി പ്രവര്‍ത്തകരെ അഭസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.