മാളവിക നായർ വീണ്ടും തെലുങ്കിൽ

Saturday 15 November 2025 6:18 AM IST

മലയാളി നായിക മാളവിക നായർ വീണ്ടും തെലുങ്കിൽ. സർവ്വാനന്ദ് നായകനാകുന്ന ബൈക്കർ എന്ന ചിത്രത്തിലെ നായികയായാണ് മാളവിക വീണ്ടും തെലുങ്കിലെത്തുന്നത്. അമിതാഭ് ബച്ചനും കമൽഹാസനും ദീപിക പദുകോണും ദുൽഖർ സൽമാനും അഭിനയിച്ച പ്രഭാസ് ചിത്രം കൽക്കി 2898 AD യിൽ മാളവിക നായരും വേഷമിട്ടിരുന്നു. ഉസ്‌താദ് ഹോട്ടലിലെ ഹൂറിയായി എത്തി മലയാളികളുടെ മനം കവർന്ന താരം ആണ് മാളവിക. താങ്ക്യൂ, ഡെവിൾ - ദ ബ്രിട്ടീഷ് സീക്രട്ട് ഏജന്റ്, ടാക്സി വാല എന്നിവയാണ് തെലുങ്കിലഭിനയിച്ച ചില സിനിമകൾ.പ്രണയ എന്ന കന്നഡ സിനിമയിലും അഭിനയിച്ചു. തെലുങ്കിലെ മുൻനിര നായികമാരിൽ ഒരാളായ മാളവിക, ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം മഹാനടിയിലും പ്രധാന വേഷത്തിൽ എത്തി വിസ്മയിപ്പിച്ചു . മുംബയിൽ ജനിച്ചുവളർന്ന മാളവിക മോഡലിംഗിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ആസിഫ് അലിയും ബിജുമേനോനും പ്രധാന വേഷങ്ങളിൽ എത്തിയ പകിടയിൽ നായികയായിരുന്നു മാളവിക.ബ്ലാക്ക് ബട്ടർഫ്ലൈ ആണ് മറ്റൊരു ചിത്രം. മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് മാളവിക.