വിശുദ്ധപാപം

Sunday 16 November 2025 3:36 AM IST

തിബിലിസിലെ സെമിനാരിയുടെ വരാന്തയിൽ, ചാരുബെഞ്ചിലിരുന്ന് എത്ര തവണ വേദപുസ്തകം പകുത്തെടുത്ത് തുറന്നിട്ടും, ജോസഫിന്റെ (ഇയോസിഫ്)​ കണ്ണുകളിലേക്ക് ശാമുവേലിന്റെ ഒന്നാംപുസ്തകം തന്നെ തുറന്നു വന്നുകൊണ്ടിരുന്നു. 'നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞിരിക്കയാൽ അവനോ,​ രാജസ്ഥാനത്തു നിന്ന് നിന്നെയും തള്ളിക്കളഞ്ഞിരിക്കുന്നു!" (15-ാം അദ്ധ്യായം,​ 23-ാം വാക്യം).

സെമിനാരിക്കു മീതെ സന്ധ്യ ചാഞ്ഞുകൊണ്ടിരുന്നു. ജോർജിയയിലെ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് പുറത്താക്കിയത് അറിയിച്ചുകൊണ്ടുള്ള കത്ത് ജോസഫിന്റെ കൈയിൽ കിട്ടിയിട്ട് കുറച്ചുനേരമേ ആയിരുന്നുള്ളൂ. കത്ത് മേശപ്പുറത്തുവച്ച്, സെമിനാരിയിലെ വേഷം ഊരി ജോസഫ് മൂലയ്ക്കെറിഞ്ഞു. കിടക്കയ്ക്കു കീഴെ, പെട്ടിയിൽ ആരുംകാണാതെ സൂക്ഷിച്ചിരുന്ന കോട്ടും പാന്റുമിട്ട് വരാന്തയിലേക്ക് ഇറങ്ങിയപ്പോൾ,​ അതുവരെ മുഷിഞ്ഞു വീശിയിരുന്ന കാറ്റിന് പ്രാണവായുവിന്റെ തെളിഞ്ഞ ഗന്ധം കൈവന്നെന്നു തോന്നി. അവൻ ദീർഘമായി ശ്വാസമെടുത്തു.

അഞ്ചു വർഷത്തെ വേദപഠന കാലം വെറുതെ. ഇരുപത്തിയൊന്നാം വയസിൽ ഒരു ബഹിഷ്കൃതന്റെ വിലാസവുമായി പുറത്തിറങ്ങുമ്പോൾ അവൻ ഉള്ളിൽ ചിരിക്കുകയായിരുന്നു: ഒടുവിൽ ആ തടവറയിൽ നിന്ന് ജോസഫ് സ്റ്റാലിൻ ഇതാ കർത്താവിനാൽ മോചിപ്പിക്കപ്പെട്ടിരിക്കുന്നു! (സ്റ്റാലിൻ എന്നത് ജോസഫ് വിസാറിയോനോവിച്ച് പിന്നീട് സ്വീകരിച്ച പേര്).

'മൂലധനം" എന്ന

വേദപുസ്തകം

സോവിയറ്റ് റഷ്യയുടെ മാത്രമല്ല,​ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വേച്ഛാധിപതികളുടെ നിരയിലേക്ക് പിന്നീട് നടന്നുകയറിയ 'സ്റ്റാലിൻ" വേദപുസ്തകം തിരികെവച്ച്,​ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഇറങ്ങുമ്പോൾ കൈയിൽ മറ്റൊരു 'ബൈബിൾ" ഉണ്ടായിരുന്നു: കാറൽ മാർക്സിന്റെ 'മൂലധനം." ലോകമെങ്ങും തൊഴിലാളി വർഗത്തിന്റെ വിശുദ്ധപുസ്തകമായി വാഴ്‌ത്തിപ്പറഞ്ഞ 'മൂലധന"ത്തിന്റെ ഒന്നാം വാല്യം പ്രസിദ്ധീകരിക്കപ്പെട്ടിട്ട് അപ്പോൾ പത്തുവർഷം.

പഠിക്കാൻ മിടുക്കനായിരുന്ന മകനെ വൈദികനാക്കണമെന്നായിരുന്നു,​ അമ്മ കാതറീൻ ഗെലദ്സെയുടെ ആഗ്രഹം. സെമിനാരി പഠനത്തിന് സ്കോളർഷിപ്പും കിട്ടി. പക്ഷേ, അവന്റെ രക്തത്തിലേക്ക് വിപ്ളവത്തിന്റെ ഒരു കടൽ ഇരമ്പിക്കയറുന്നതും,​ വേലിയേറ്റത്താൻ അത് നിരന്തരം ക്ഷോഭംകൊള്ളുന്നതും പിന്നെപ്പിന്നെ വൈദികർ തിരിച്ചറിഞ്ഞു. ചെറിയ ലക്ഷണങ്ങളായിരുന്നു ആദ്യം- വേദപാഠങ്ങൾക്ക് വൈകിയെത്തുക,​ സെമിനാരിയുടെ നിയമത്തിനു വിരുദ്ധമായി മുടി നീട്ടിവളർത്തുക... ഒടുവിൽ ഒരു ദിവസം,​ എതിരെവന്ന മുതിർന്ന വൈദികനെ കണ്ടിട്ടും തൊപ്പി ഊരാതെ വരാന്തയിലൂടെ ഉദ്ധൃതശിരസോടെ നടന്നുപോയ ചെറുപ്പക്കാനെ തിരിഞ്ഞുനോക്കി,​ പുരോഹിതൻ മുരണ്ടു: 'ദൈവനിഷേധി!"

സെമിനാരിയിൽ അയയ്ക്കപ്പെട്ടതിന്റെ അഞ്ചാംവർഷം,​ 1899-ൽ പുറത്താക്കപ്പെടുമ്പോൾ ജോസഫിന്റെ കൈയിലിരുന്ന കത്തിൽ ഇങ്ങനെയൊരു വാചകമുണ്ടായിരുന്നു: 'വേദപുസ്തകത്തേക്കാൾ ഇവൻ വായിക്കുന്നത് വിശ്വാസരാഹിത്യം പഠിപ്പിക്കുന്ന വിപ്ളവ പുസ്തകങ്ങളായിരിക്കുന്നു. പ്രാർത്ഥനകളേക്കാൾ ഇവനു പ്രിയം മുദ്രാവാക്യങ്ങളായിരിക്കുന്നു. വൈദിക പഠനത്തിന് യോഗ്യനല്ലെന്നു ബോദ്ധ്യമാകയാൽ കർത്താവിന്റെ അനുമതിയോടെ ഇവനെ സെമിനാരിയിൽ നിന്ന് പറഞ്ഞയയ്ക്കുന്നു. ദൈവം ഇവനെ രക്ഷിക്കുമാറാകട്ടെ..."

ഉയർന്നുവന്ന

ചൂണ്ടുവിരൽ

വ്ളാഡിമിർ ലെനിന്റെ മരണത്തിനു ശേഷം (1924)​ ഒപ്പമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ശിരസുകളെക്കൂടി വെട്ടിമാറ്റി,​ നാല്പത്തിയേഴാം വയസിൽ ഒറ്റയ്ക്ക് സിംഹാസനാരൂഢനായിട്ടും ജോസഫ് സ്റ്റാലിന്റെ ഉള്ളിൽ ആ അഗ്നിപർവതം പുകഞ്ഞുകൊണ്ടിരുന്നു. വിമർശനങ്ങളുടെ താഴ്‌വരയിൽ നിന്ന് ചോദ്യംചെയ്യലിന്റെ ഒരു മഹാപർവതം ഉരുവംകൊള്ളുന്നതു പോലെയും,​ പാർട്ടി യോഗങ്ങളിലെ മുഷ്ടികളിൽ നിന്ന് ഒരു ചൂണ്ടുവിരൽ മാത്രം കുറതിമാറി,​ തനിക്കുനേരെ ചൂണ്ടുന്നതുപോലെയും അയാൾക്കു തോന്നി.

റഷ്യൻ വിപ്ളവത്തിന്റെ തിരക്കഥാകാരൻ എന്ന നിലയിൽ ലെനിന്റെ നായകസ്ഥാനം ചോദ്യംചെയ്യാൻ കഴിയുന്നതായിരുന്നില്ലെങ്കിലും,​ സോവിയറ്റ് റഷ്യയിലെ 'പോസ്റ്റ് ലെനിൻ കാല"ത്തേക്കായി സ്റ്റാലിൻ നേരത്തേ തന്നെ സ്വയം പരുവപ്പെടുത്തുന്നുണ്ടായിരുന്നു. ബോൾഷെവിക് പത്രമായ 'പ്രവ്ദ"യുടെ എഡിറ്റർ ആയിരിക്കുമ്പോഴേ തുടങ്ങി,​ ആ വഴിക്കുള്ള ശ്രമങ്ങൾ. 1917-ൽ വിപ്ളവാനന്തര റഷ്യയുടെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിൽ ലെനിൻ ചെയർമാൻ ആയപ്പോൾ,​ പുനരാലോചനകളേതുമില്ലാതെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹം നിർദ്ദേശിച്ചത് ഒരേയൊരു പേര്: ജോസഫ് സ്റ്റാലിൻ.

അതിനും അഞ്ചുവർഷം മുമ്പ്,​ ആദ്യഭാര്യ കത്രീന സ്വാനിസ്ദെയുടെ അകാലമരണത്തിൽ ആടിയുലഞ്ഞ്,​ ഒരു പുനരുത്ഥാനം അനിവാര്യമെന്നു തോന്നിയപ്പോൾ അയാൾ ആദ്യം ചെയ്തത്,​ താൻ ആത്മാവിൽ ശക്തനെന്ന് സ്വയം ബോദ്ധ്യപ്പെടുത്താൻ ഒരു പുതിയ പേര് തിരയുകയായിരുന്നു! റഷ്യൻ നിഘണ്ടുവിൽ ആ വാക്കിനു കീഴെ ചുവന്ന മഷികൊണ്ട് വരയ്ക്കുമ്പോൾ അയാൾ മനസിൽ പറഞ്ഞിരിക്കണം: ഇതിലും നല്ലൊരു പേര് ഈ നിഘണ്ടുവിൽ വേറെയുണ്ടാവില്ല- സ്റ്റാലിൻ! (ഉരുക്കു മനുഷ്യൻ; ദ മാൻ ഒഫ് സ്റ്റീൽ)​. ക്രൂരതകളുടെ തിരനാടകം എഴുതിത്തുടങ്ങുന്നതിനും എത്രയോ മുമ്പ് സ്വീകരിച്ച ആ പേരിലുണ്ട്,​ അത് കിരീടമായി ധരിച്ച മനുഷ്യന്റെ ശിരോഭാരമത്രയും!

കോബയിൽ നിന്ന്

സ്റ്റാലിനിലേക്ക്

ഇരുപത്തിയൊന്നാം വയസിൽ തിബിലിസിലെ സെമിനാരിയിൽ നിന്നു പുറത്താക്കപ്പെട്ട്,​ ആരോടും യാത്ര ചോദിക്കാനില്ലാതെ ഗേറ്റിൽ ഒരുവട്ടം തിരിഞ്ഞുനിന്ന ജോസഫിനോട് സെമിനാരിയുടെ കാവൽക്കാൻ മാത്രമേ ചോദിച്ചുള്ളൂ: 'മകനേ,​ ഇവിടെ മറ്റുള്ളവർ നിന്നെ വിളിച്ചിരുന്ന ഒരു പേരുണ്ടല്ലോ- കോബ! വേദപുസ്തകത്തിൽ എവിടെയാണ് കോബയുടെ കഥയെന്ന് എത്ര തിരഞ്ഞിട്ടും കാണുന്നില്ലല്ലോ. അത് എവിടെയാണ്?​"

ജോസഫ് ഒന്നു പുഞ്ചിരിച്ച്,​ ധരിച്ചിരുന്ന തൊപ്പി ഒന്നുകൂടി ഉറപ്പിച്ചുവച്ച് തിരിഞ്ഞുനോക്കാതെ നടന്നുപോയി.

ജോർജിയൻ എഴുത്തുകാരനായ അലക്സാണ്ടർ കസ്ബെഗിയുടെ 'പേട്രിസിഡ്" (പിതൃഘാതകൻ) എന്ന നോവലിലെ നായക കഥാപാത്രത്തിന്റെ വിളിപ്പേരായിരുന്നു അത്- കോബ! റഷ്യയിലെ ചക്രവർത്തി ഭരണത്തിനെതിരെ പോരാട്ടം നയിക്കുന്ന കോബയുടെ വീരപരിവേഷത്തിൽ ആവേശഭരിതനായ ജോസഫ് സ്വയം തീരുമാനിച്ചതാണ്,​ആ വിളിപ്പേര്. അതിന് സെമിനാരിയിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചാരം കൊടുക്കാനും അവൻ ശ്രദ്ധിച്ചു. സത്യത്തിൽ കോബ എന്ന സങ്കല്പ കഥാപാത്രത്തിന്റെ ഒരു നീട്ടിയെഴുത്തായിരുന്നു,​ നിഘണ്ടുവിൽ അയാൾ കണ്ടെത്തിയ ആ വാക്ക്: സ്റ്റാലിൻ.

സെമിനാരി വിദ്യാർത്ഥിയായിരിക്കുമ്പോഴും,​ പിന്നീട് തിബിലിസ് കാലാവസ്ഥാ കേന്ദ്രത്തിൽ വാനനിരീക്ഷകനായി ജോലിചെയ്യുമ്പോഴും,​ ജോസഫിന്റെ ആകാശത്ത് കമ്മ്യൂണിസത്തിന്റെ ഏകതാരകം മാത്രമേ എല്ലാ രാത്രികളിലും തെളിഞ്ഞുള്ളൂ. രഹസ്യപ്പൊലീസിന്റെ ചാരക്കണ്ണുകൾ അയാൾക്കുമേൽ അപ്പോഴേ വീണുകഴിഞ്ഞിരുന്നു. അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നു തോന്നിയപ്പോൾ 1901-ൽ ആദ്യ ഒളിവുകാലം. മേയ് ദിനത്തിൽ തിബിലിസിൽ,​ അതുവരെ മറഞ്ഞിരുന്ന് വിപ്ളവം പ്രചരിപ്പിച്ചിരുന്ന ചെറുപ്പക്കാർ സംഘടിച്ച് പൊലീസിനെ നേരിട്ടപ്പോൾ 'ഒഖ്റാന"യുടെ (റഷ്യൻ ചക്രവർത്തി ഭരണകാലത്തെ രഹസ്യപ്പൊലീസ് വിഭാഗം)​

ഹെഡ്ക്വാർട്ടേഴ്സിൽ ആ ചോദ്യമുയർന്നു: 'ലെനിൻ ഒളിവിലാണ്. പിന്നെ,​ ഇവർക്കു പിന്നിലാര്?​"

ഒരു ഉദ്യോഗസ്ഥൻ, ഡയറ്ക‌ടർ ജനറലിന്റെ മേശപ്പുറത്തെ ഡയറിയിൽ നിന്ന് ഒരു കടലാസ് കീറിയെടുത്ത്,​ ധൃതിയിൽ ഒരു പേരെഴുതി അയാൾക്കു മുന്നിൽ വച്ചു- ജോസഫ് വിസാറിയോനോവിച്ച്. ഡയറക്ടർ ആ പേര് ഉരുവിട്ടതിനു പിന്നാലെ,​ അടുത്ത നിന്ന ഉദ്യോഗസ്ഥൻ ഒരു പ്രവചനം നടത്തി: 'ഇയാൾ ലെനിനെപ്പോലെ ആയിരിക്കില്ല!" ചുളിഞ്ഞ നെറ്റിയോടെ മുഖമുയർത്തിയ ഡയറക്ടറുടെ കാതിനരികിലേക്കു കുനിഞ്ഞ്,​ ശബ്ദം ആവുന്നത്ര താഴ്ത്തിയാണ് അയാൾ ബാക്കി പറഞ്ഞത്: 'വ്ളാഡിമി‌ർ ലെനിൻ കൊടുങ്കാറ്റാണെങ്കിൽ വിസാറിയോനോവിച്ചിന്റെ പ്രകൃതം ഒരു ചുഴലിയുടേതാണ്."

'എന്നുവച്ചാൽ?​"

'അയാൾ ഒരു കാലാവസ്ഥാ നിരീക്ഷകനാണ് സാർ."

'അതുകൊണ്ട്?​"

'ഒരു ചുഴലിക്കാറ്റിന് രൂപംകൊള്ളാൻ പറ്റിയ സമയം അയാൾക്ക് നന്നായി അറിയാം."

'ഓ! എന്നിട്ട്... ആ സമയം ആയെന്നാണോ?​"

'നമുക്ക് കാത്തിരിക്കാം സാർ..."

എതിർപ്പുകൾക്ക്

ശിരച്ഛേദം

ചരിത്രത്തിന് അധികം കാത്തിരിക്കേണ്ടിവന്നില്ല. റഷ്യൻ ചരിത്രം 'ട്രോയിക" എന്ന് പേരിട്ടു വിളിച്ച മൂന്ന് ചെമ്പൻ കുതിരകളിൽ (മൂന്ന് കുതിരകളെ പൂട്ടിയ റഷ്യൻ വാഹനത്തിന്റെ പേരാണ് ട്രോയിക)​ ഗ്രിഗറി സിനോയേവിനെയും,​ കമെനേവിനെയും സ്റ്റാലിൻ വൈകാതെ അധികാരഭ്രഷ്ടരാക്കി. 1926-ൽ ട്രോട്സ്കിയെ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവാക്കുകയും,​ തൊട്ടടുത്ത വർഷം പാർട്ടിയിൽ നിന്നുതന്നെ പുറത്താക്കുകയും,​ 1929-ൽ അദ്ദേഹത്തെ ടർക്കിയിലേക്ക് നാടുകടത്തുകയും ചെയ്തതോടെ സോവിയറ്റ് റഷ്യയിൽ സ്റ്റാലിൻ എന്ന 'ചുഴലി" ആഞ്ഞുവീശുകയായിരുന്നു. ഫ്രാൻസിലും നോർവെയിലും ഒടുവിൽ മെക്സിക്കോയിലും മാറി മാറി താമസിച്ചിട്ടും ആ ചുഴലിക്കാറ്റ് ട്രോട്സ്കിയെ പിന്തുടർന്നുകൊണ്ടേയിരുന്നു!

സോവിയറ്റ് ആഭ്യന്തര രഹസ്യപ്പൊലീസ് വിഭാഗമായ എൻ.കെ.വി.ഡിയിൽ,​ മുതിർന്ന ഉദ്യോഗസ്ഥർ മാത്രം വിളിക്കപ്പെട്ടിരുന്ന ഒരു യോഗത്തിൽ,​ സ്റ്രാലിൻ നേരിട്ടാണ് ആ അസൈൻമെന്റ് നൽകിയത്. ഒറ്റ ലക്ഷ്യമേയുള്ളൂ: ട്രോട്സ്കി എവിടെയായിരുന്നാലും വധിക്കുക! ആ 'വധശിക്ഷ" നടപ്പാക്കാൻ എൻ.കെ.വി.ഡി മൂന്ന് ഏജന്റ് നെറ്റ്‌വർക്കുകളെ നിയോഗിച്ചപ്പോൾ സ്റ്റാലിൻ മറ്റൊന്നുകൂടി ചെയ്തു- മെക്സിക്കൻ ചാര ഏജൻസികൾക്ക്,​ ട്രോട്സ്കിയുടെ സമ്പൂർണ വിവരങ്ങൾ ശേഖരിക്കാനുള്ള ഉദ്യോഗം!

മെക്സിക്കോയിൽ ട്രോട്സ്കിയും കുടുംബാംഗങ്ങളും പലവട്ടം ആക്രമിക്കപ്പെട്ടു. സ്റ്റാലിനെ വിമർശിച്ച് നിരന്തരം ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്ന ട്രോട്സ്കിക്ക് ഒരുകാര്യം ബോദ്ധ്യമായി. 1940 ജൂൺ എട്ടിന് പ്രസിദ്ധീകരണത്തിന് അയച്ച ഒരു ലേഖനത്തിന്റെ ശീർഷകത്തിൽ ട്രോട്സ്കി അക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു: 'സ്റ്റാലിൻ എന്റെ രക്തം കൊതിക്കുന്നു!" പിന്നെ,​ രണ്ടര മാസം കൂടിയേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ!

രഹസ്യപ്പൊലീസിലെ ഉന്നതർക്കു മാത്രം അറിവുണ്ടായിരുന്നതായിരുന്നു,​ സ്റ്റാലിൻ നേരിട്ട് ആസൂത്രണംചെയ്ത ആ കൃത്യം: 'ഓപ്പറേഷൻ ഉത്ക (ഓപ്പറേഷൻ ഡക്ക്)." രാത്രികളിൽ രഹസ്യപ്പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് വണ്ടിയോടിച്ചു ചെന്ന് സ്റ്റാലിൻ ചോദിച്ചു: 'താറാവ് റോസ്റ്റ് റെഡിയായോ?"​

'സോറി സർ! അല്പം വെയിറ്റ് ചെയ്യൂ. ആൾ പോയിട്ടുണ്ട്..."​

'എനിക്ക് നല്ല വിശപ്പുണ്ടെന്ന് ഓർമ്മ വേണം."​

മരവിപ്പിക്കുന്ന

കൊലപാതകം

മെക്സിക്കോ സിറ്റി കോടതിയിൽ വിചാരണയ്ക്കിടെ,​ കേസിന് ആസ്പദമായ സംഭവം നടന്ന 1940 ആഗസ്റ്റ് 20-ന്റെ രാത്രിയെക്കുറിച്ച്, മുഖത്ത് ഒരു വികാരപ്രകടനവുമില്ലാതെ വിശദീകരിക്കുകയായിരുന്നു റഷ്യൻ രഹസ്യപ്പൊലീസിലെ സ്പാനിഷ് വംശജനായ സീനിയർ ഏജന്റ്,​ റമൺ മെർകാഡെ.

'അയാൾ വായനമുറിയിലായിരുന്നു. ഞാൻ എന്റെ റെയിൻകോട്ട്,​ ശബ്ദമുണ്ടാക്കാതെ പിന്നിലെ മേശപ്പുറത്തു വച്ച്,​ അതിന്റെ പോക്കറ്റിൽ നിന്ന് ആയുധം പുറത്തെടുത്തു. എല്ലാ സാഹചര്യങ്ങളും ഒത്തുചേർന്ന സുന്ദരമായ ആ അപൂർവ അവസരം നഷ്ടമാക്കരുതെന്ന് മനസ് പറഞ്ഞുകൊണ്ടിരുന്നു. അയാൾ വായിച്ചുകൊണ്ടിരുന്നത് ഏതോ കമ്മ്യൂണിസ്റ്ര് പുസ്തകമായിരുന്നെന്നു തോന്നി. അതിന്റെ പുറംചട്ടയ്ക്ക് ചുവപ്പുനിറമായിരുന്നു. ഞാൻ ആയുധം മുറുകെപ്പിടിച്ച്,​ കൈയുയർത്തി,​ കണ്ണുകളടച്ച്,​ ഇരയുടെ തലയിലേക്ക് അത് ആഞ്ഞ് കുത്തിയിറക്കി..."

വാദിഭാഗം ഇടപെട്ടു: 'തലയോട്ടി പിളർന്ന്,​ കൂർത്ത ആയുധം തലച്ചോറിലേക്ക് ഏഴ് സെ.മീറ്റർ ആഴത്തിൽ തറഞ്ഞിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൊണ്ടിമുതലായി കോടതിയിൽ ഹാജരാക്കാനാകാത്ത എന്ത് ആയുധമാണ് എന്റെ കക്ഷിയെ കൊലപ്പെടുത്താൻ നിങ്ങൾ ഉപയോഗിച്ചത്?​"

പ്രതി അക്ഷോഭ്യനായി പറഞ്ഞു: ബഹുമാനപ്പെട്ട കോടതി വിശ്വസിക്കണം. അത് ഐസ് കൊണ്ടുള്ള മൂർച്ചയേറിയ ഒരു മഴുവായിരുന്നു. ഈ ആവശ്യത്തിനു വേണ്ടി മാത്രമായി,​ കൃത്യം നിർവഹിക്കുന്നതിന് ഒരു മണിക്കൂറോളം മുമ്പ് മാത്രം റഫ്രിജറേറ്ററിൽ നിന്ന് പുറത്തെടുത്തത്! അതിന്റെ മൂർച്ച പരിശോധിക്കാൻ ഇതി കഴിയില്ല. കാരണം, അംഗരക്ഷകർ വന്ന് അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും ആ മഴു ഉരുകിത്തീന്നിരുന്നു!

കോടതി മുറിക്കു മീതെ മരവിപ്പിന്റെ ഒരു കനത്ത പുതപ്പ് വന്നുവീണതുപോലെ തോന്നി. കാറ്ര് പോലും ഉറഞ്ഞുപോയിരുന്നു.

ശിരസിൽ ആഴമേറിയ മുറിവോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലിയോൺ ട്രോട്സ്കി പിറ്റേന്ന്,​ 1940 ആഗസ്റ്റ് 21-ന് മരിച്ചു. വധത്തിനു പിന്നിൽ താനാണെന്ന ആരോപണങ്ങളത്രയും സ്റ്റാലിൻ നിഷേധിച്ചു. ലോകത്തെ ഞെട്ടിച്ച കൊലപാത കേസിലെ ഒരേയൊരു പ്രതി,​ റമൺ മെർകാഡെയ്ക്ക് കോടതി വിധിച്ചത് ഇരുപത് വർഷത്തെ തടവുശിക്ഷ! സ്റ്റാലിൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ...

(അടുത്ത ലക്കത്തിൽ പൂർണമാകും. ലേഖകന്റെ മൊബൈൽ നമ്പർ: 99461 08237)​