"ഫാം ജേണലിസം ഇന്നലെ, ഇന്ന്, നാളെ "

Sunday 16 November 2025 3:39 AM IST

ഡോ. വി. ശ്രീകുമാർ രചിച്ച "ഫാം ജേണലിസം ഇന്നലെ, ഇന്ന്, നാളെ " എന്ന ഈ ഗ്രന്ഥം, കേരളത്തിലെ ഫാം ജേണലിസത്തെക്കുറിച്ചുള്ള ഒരാദ്യ ആധികാരിക ഗ്രന്ഥമാണെന്ന് ആമുഖമായി പറയട്ടെ. ധാരാളംചിത്രങ്ങൾസഹിതം

അഞ്ഞൂറോളം പേജ് വരുന്ന ഈ ബൃഹദ്ഗ്രന്ഥം കേരള മീഡിയ അക്കാഡമിയാണ് പ്രസിദ്ധീകരിച്ചത്. കൃഷിയും അനുബന്ധ മേഖലകളായ ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യകൃഷി, പാലുത്പ്പാദനം, കോഴി വളർത്തൽ തുടങ്ങിയവയെക്കുറിച്ചുള്ള വിജ്ഞാന വ്യാപനത്തെയാണ് ഇവിടെ "ഫാം ജേണലിസം" എന്ന്ചുരുക്കി പേരിട്ടിരിക്കുന്നത്. മലബാർ, കൊച്ചി, തിരുവിതാംകൂർ, എന്നീ മൂന്ന് പ്രദേശങ്ങൾ ചേർത്താണല്ലോ 1956 നവംബർ ഒന്നിന് കേരളം രൂപീകൃതമായത്. ഇവിടങ്ങളിലെ കൃഷിയുടെ പൗരാണിക ചരിത്രം വിവരിക്കാനായി മൂന്ന് അദ്ധ്യായങ്ങൾ തന്നെ ഈ പുസ്തകത്തിൽ നീക്കി വച്ചിരിക്കുന്നു. ഇതും 'രാജകീയ വിളംബരങ്ങളിലെ കൃഷി" യെന്ന ഒമ്പതും പത്തും അദ്ധ്യായങ്ങളും പിന്നെ ഒമ്പത് അനുബന്ധങ്ങളും കൂട്ടിചേർത്താൽ" കൃഷിയുടെ ചരിത്രം, കേരളത്തിൽ" എന്നപേരിൽ മറ്റൊരു ബൃഹദ്ഗ്രന്ഥത്തിനുള്ള വിഷയമാണെന്നാണ് ഈ ലേഖകന്റെ എളിയ അഭിപ്രായം.

കേര ളകാർഷിക പത്രപ്രവർത്തനത്തിന്റെ 'പിതൃ സൂര്യൻ" എന്ന് ഗ്രന്ഥകർത്താവ് വിശേഷിപ്പിക്കുന്ന ആർ ഹേലിക്കായി ഒരദ്ധ്യായം തന്നെ ഈ പുസ്തകത്തിൽ നീക്കിവച്ചത് എന്തുകൊണ്ടും ഉചിതമായി. എസ്. നീലകണ്‌ഠവും ഡോ. എൻ കുഞ്ഞൻപിള്ളയും ജെ.വി. അക്കരപ്പറ്റിയും മുതൽ "കൃഷിക്കാർക്ക് ഒരു ഗൈഡ് എന്ന ഗ്രന്ഥവും " (1969)ആയിരം പേജ് വരുന്ന 'കാർഷികവിള" യെന്ന ബൃഹദ്ഗ്രന്ഥവുംതുടങ്ങി, ഏറ്റവും ഒടുവിൽ ധവള വിപ്ലവത്തിന്റെ ആചാര്യനായ ഡോ. വർഗ്ഗീസസ് കുര്യന്റെ സംഭവ ബഹുലമായ ജീവിത കഥ (2025) വരെ നൂറിലധികം ഗ്രന്ഥങ്ങൾ രചിച്ച ഡോ. ആർയ ഗോപിമണി വരെയുള്ള ഫാം ജേണലിസ്റ്റുകളുടെ നീണ്ട ഒരു പട്ടികയും ഈ ഗ്രന്ഥത്തിലുണ്ട്. കേരളത്തിലെ കൃഷിക്കാർക്കും ജേണലിസം വിദ്യാർത്ഥികൾക്കും കാർഷിക ശാസ്ത്രജ്ഞർക്കും കൃഷി എഴുത്തിനെ സ്നേഹിക്കുന്ന എല്ലാവർക്കും ചരിത്ര കുതുകികൾക്കും ഈ ഗ്രന്ഥം ഒരനുഗ്രഹം തന്നെയാണ്. ആചാര്യനായ ഡോ. എം.എസ്. സ്വാമിനാഥന്റെ കഥ കൂടുതൽ വിപുലമാക്കാമായിരുന്നു. ഏറ്റവും നന്നായി പഠിച്ച് തയ്യാറാക്കിയ ഗ്രന്ഥം കേരളത്തിന് ഒരു മുതൽക്കൂട്ടാണ്.

(കാർഷിക സർവ്വകലാശാലാ ഡീനും പ്രകൃതികൃഷിയുടെ പ്രചാരകനുമാണ് ലേഖകൻ)