നമുക്കിടയിലെ കൊച്ചൂട്ടൻപിള്ളമാർ
''ഈയിടെയായി, ഞാൻ, കൊച്ചൂട്ടൻപിള്ള ചേട്ടനെ ഓർക്കാത്തൊരു ദിവസവും ഇല്ലെന്നുതന്നെ പറയാം! ചില ആനുകാലിക സംഭവങ്ങൾ കേൾക്കുമ്പോൾ, എന്റെയുള്ളിൽ കൊച്ചൂട്ടൻപിള്ള ചേട്ടന്റെ മുഖം തെളിഞ്ഞുവരികയാണ്! നിങ്ങൾ ചിന്തിക്കുമായിരിക്കാം, ആരാണീ കൊച്ചൂട്ടൻപിള്ള, പുതിയൊരവതാരം! എങ്കിൽ ഞാനൊന്നു പരിചയപ്പെടുത്താം: കൊച്ചൂട്ടൻ ചേട്ടനെ നേരിൽ പരിചയപ്പെടുത്തണമെങ്കിൽ, നിങ്ങളെ ഞാനാദ്യം പരിചയപ്പെടുത്തേണ്ടത്, കൊച്ചൂട്ടന്റെ, 'വലിയേട്ടൻ മുതലാളി"യെയാണ്. കാരണം,'വലിയേട്ടൻ മുതലാളി"യില്ലെങ്കിൽ കൊച്ചൂട്ടനേയില്ല. കൊച്ചൂട്ടൻ വെറും നിഴൽ, വലിയേട്ടനാണ് ബിംബം! ഒരു ദിവസം 'മൊയലാളി" ചോദിച്ചു, 'എടാ, കൊച്ചൂട്ടാ, മുരിക്കിൻ തടിയേ, മുരിക്കിൻ തടി, ഉലക്കയ്ക്ക് കൊള്ളാമോടാ?" 'പഷ്ട്ടല്ലേ, മൊയലാളീ പഷ്ട്ട്" കൊച്ചൂട്ടന്റെ റെഡി ആൻസർ വന്നു. 'എടാ, അത് പിളർന്നു പോവൂല്ലേടാ, മണ്ടാ, മരത്തലയാ, അത് ഉലയ്ക്കക്ക് കൊള്ളാത്രെ, മുരിക്കിൻ തടിയേ, മണ്ടൻ". സഹികെട്ടതുപോലെ നമ്മുടെ 'മൊയലാളി" പറഞ്ഞു. 'അത് സംശയമുണ്ടോ മൊയലാളി" യാതൊരു സങ്കോചവുമില്ലാതെ, നമ്മുടെ കൊച്ചൂട്ടൻ, മൊയലാളിയോട് ചേർന്നു നിന്നുതന്നെ സമ്മതിച്ചു. തർക്കവുമില്ല, വഴക്കുമില്ല! നിങ്ങളും പലയിടത്തും കണ്ടുകാണുമല്ലോ, ഇത്തരം കൊച്ചൂട്ടൻപിള്ളമാരെ! ഇപ്രകാരമുള്ളവരെയാണ് ഇന്ന് നമ്മുടെ നാടിന് ആവശ്യം! അവരെ സംബന്ധിച്ചിടത്തോളം 'അങ്ങനെയെങ്കിൽ അങ്ങനെ, ഇങ്ങനെയെങ്കിൽ ഇങ്ങനെ, അതും ശരി, ഇതും ശരി"അത്രയേയുള്ളു. മറിച്ച്,'വലിയേട്ടൻ മൊയലാളിയോ"എന്നും വീഴ്ചതന്നെ വീഴ്ച"" ഇത്രയും പറഞ്ഞശേഷം, പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, പലരും ചിരിക്കണോ, കരയണോയെന്നറിയാത്തൊരു മുഖഭാവത്തിലായിരുന്നു. എല്ലാവരേയും വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട്, പ്രഭാഷകൻ ഇപ്രകാരം തുടർന്നു: ''കൊച്ചൂട്ടന്മാർ വിഡ്ഢികളാണെന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്? എങ്കിൽ, നിങ്ങളാണ് വിഡ്ഢികളെന്നു പറയേണ്ടിവരും! ഇക്കൂട്ടരൊക്കെ 'നഖം നനയാതെ മീൻപിടിക്കാൻ" പ്രത്യേക വിരുതുള്ളവരായിരിക്കും. എല്ലാ കാര്യങ്ങളിലും സ്ഥാപിത താല്പര്യങ്ങളുള്ള ഇക്കൂട്ടർ, ഓരോ കാര്യത്തിലും തങ്ങളുടെ നിലപാടുകൾ കടുപ്പിക്കുന്നത് സ്വന്തം കാര്യങ്ങൾക്കനുസരിച്ചായിരിക്കും. പൊതുനന്മയോ, സമൂഹ്യപ്രതിബദ്ധതയോ ഇക്കൂട്ടരുടെ ചിന്തയ്ക്കുപോലും വിഷയമാവില്ല! എന്നാൽ, ഇത്യാദി ശ്രേഷ്ഠ ഗുണങ്ങളൊക്കെ തങ്ങൾക്കുള്ളതായി മറ്റുള്ളവർക്ക് തോന്നിപ്പിക്കുന്ന നിലയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനും ഇക്കൂട്ടർക്കറിയാം! ഇരുപക്ഷത്തും തങ്ങളാൽ കഴിയാവുന്നത്ര ആളുകളെ കൂട്ടി, അവർ ഇരുചേരിയായി നിന്ന് വലിയ വാശിയോടെ പരസ്പരം തർക്കിക്കുകയായിരുന്നു. ഇരുചേരിയുടെയും മദ്ധ്യത്തു നിൽക്കുന്ന ആ പൊക്കമുള്ള ആളിന്റെ കൈവശമിരിക്കുന്ന താറാവിന്റെ കുഞ്ഞ് പൂവനാണോ അതോ പിടയാണോ? അത്, ആ കുഞ്ഞുതാറാവിനെ നോക്കി പറയണം! നിങ്ങൾക്കത് നിർണ്ണയിക്കാനറിയാമോ? എനിക്കറിയില്ല കേട്ടോ. അതിനാൽ, ഒരു പക്ഷവും പിടിക്കാതെ, ഞാനും ഒരു കാഴ്ചക്കാരനായി നിന്നു. ഇരുപക്ഷവും തർക്കിക്കുകയാണ്: 'ഇത് പൂവനാണ്" ഉടനെ മറുപക്ഷം'അല്ല, പിടയാണ്, സംശയിക്കേണ്ടയാതൊരു കാര്യവുമില്ല". രംഗം ഇപ്രകാരം വഷളായി വരുമ്പോഴായിരുന്നു, 'കൊച്ചൂട്ട"നവിടെയെത്തിയത്. അയാളെ കണ്ട ഉടൻതന്നെ, തർക്കക്കാർ, തർക്കവിഷയവുമായി അയാളെ സമീപിച്ചു. കൊച്ചൂട്ടൻ ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടു. മെല്ലെ, അയാൾ ആ താറാവിന്റെ കുഞ്ഞിനെ കഴുത്തിൽ പിടിച്ച് കൈയ്യിലെടുത്തു തിരിച്ചും മറിച്ചുമൊന്നു നോക്കി, വളരെ സൗമ്യമായി തന്റെ തീരുമാനവും അറിയിച്ചു. അത്, ഇരുകൂട്ടർക്കും സ്വീകാര്യവുമായി. തർക്കം തീർന്നു. അവിടെ കൂടിയവരൊക്കെ സമാധാനമായി പിരിഞ്ഞുപോകാൻ തുടങ്ങി. പക്ഷെ, ആ താറാവിന്റെ കുഞ്ഞുമാത്രം അവിടെ നിന്നു പോയില്ല. അത്, എന്നോടു ചോദിച്ചു, 'അയാൾ, എന്നെപ്പറ്റി എന്താണ് പറഞ്ഞത്? 'ഞാൻ, ആ സാധുജീവിയുടെ കാതിൽ പറഞ്ഞു കൊടുത്തു, ആ കൊച്ചുകുട്ടൻ പറയുകയാണ്,'നീ പിടയല്ല, എന്നാൽ അത്ര കണ്ടുപൂവനുമല്ലെന്ന്!" അത് കേട്ടപാതികേൾക്കാത്ത പാതി ആ മിണ്ടാപ്രാണി ബോധംകെട്ടു വീണു. പിന്നെ ഉണർന്നിട്ടില്ല. എന്നാലും, കൊച്ചൂട്ടൻ പെൻഷനായാലും സർവീസിൽ തുടരട്ടെ! ഇനിയും, നമുക്ക് ഉന്നതപദവികളിൽ നിയമിക്കാം."" ഇപ്രകാരം പ്രഭാഷകൻ നിർത്തിയപ്പോൾ, സദസ്യരിൽ മിക്കവരും ആർത്തുല്ലസിച്ച് 'കൊച്ചൂട്ട"ന്റെ ശരിയ്ക്കുള്ള പേരുവിവരം തിരയുകയായിരുന്നു.