വീണ്ടുമൊരു അങ്കത്തിനില്ലെന്ന് 'പാൽക്കാരി മേയർ'

Saturday 15 November 2025 12:18 AM IST

തൃശൂർ: ഡിവിഷനിലെ മുക്കിലും മൂലയിലേക്കും രാവിലെ ഒരു യാത്ര. പാൽ വിതരണത്തിനാണെങ്കിലും എല്ലായിടത്തും പരിചിതമുഖമാണ് മുൻ മേയർ അജിത വിജയൻ..! വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കണിമംഗലം ഡിവിഷനിൽ ആദ്യം ഉയർന്നു കേൾക്കുന്ന പേരും എൽ.ഡി.എഫിൽ മറ്റൊന്നല്ല. എന്നാൽ ഇക്കുറി മത്സരത്തിനില്ലെന്ന് അജിത പറയുന്നു. 'പുതിയ തലമുറ വരട്ടെ, രണ്ടുതവണ കൗൺസിലറായില്ലേ... ഭർത്താവിന്റെ അമ്മയ്ക്ക് വയ്യ. വീട്ടുകാര്യങ്ങളുണ്ട് നോക്കാൻ.' തൃശൂർ കോർപറേഷനിൽ വീണ്ടും വനിത മേയർ വരാനിരിക്കെ വീട്ടുകാര്യങ്ങളിൽ തിരക്കിലാണ് ഈ മുൻ മേയർ. നാട്ടിലെ അങ്കണവാടി ടീച്ചറും പാൽക്കാരിയുമായി കഴിയുമ്പോഴാണ് മേയറുടെ മേലങ്കി അണിയുന്നത്. സി.പി.ഐക്കാരിയായ അജിത ഒരു വർഷവും ഒരു മാസവും മേയറായി. ആകാശ നടപ്പാത, ഐ.എം.വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സ്, ടാഗോർ സെന്റിനറി ഹാൾ, കോർപറേഷൻ ഓഫീസിന് മുൻപിലെ സബ് വേ, മേലാമുറിയിലെ കോർപറേഷൻ കെട്ടിടം, കുപ്പിക്കഴുത്തായി നിന്ന പോസ്റ്റ് ഓഫീസ് പൊളിച്ചുനീക്കൽ, പോസ്റ്റ് ഓഫീസിന് പുതിയ സ്ഥലം അനുവദിക്കൽ തുടങ്ങി തൃശൂരിൽ ഇന്ന് കാണുന്ന നിരവധി വികസനങ്ങൾക്ക് തുടക്കമിട്ടത് അക്കാലത്താണ്.

പ്രധാനമന്ത്രി പോലും വിശേഷിപ്പിച്ചു

അതിരാവിലെ പാൽപ്പുഞ്ചിരിയുമായി വീട്ടിലെത്തുന്ന മേയർ, കണിമംഗലത്തിന്റെ സ്വകാര്യ അഹങ്കാരമാണ്. രാജ്യത്തെ ഒരേയൊരു പാൽക്കാരി മേയറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും വിശേഷിപ്പിച്ചയാൾ... പ്രത്യേകതകളേറെയുണ്ട് അജിത വിജയന്. മന്ത്രി ആർ.ബിന്ദു മേയറായിരിക്കെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനായിരുന്നു. എന്തെങ്കിലും പരാതിയോ നിവേദനമോ കൊടുക്കാനുണ്ടെങ്കിൽ തങ്ങളുടെ വീട്ടുമുറ്റത്ത് അതിരാവിലെ മേയർ എത്തുമെന്നതായിരുന്നു അന്നത്തെ പ്രത്യേകത. കഴിഞ്ഞ 28 വർഷത്തോളമായി പനമുക്ക്, കണിമംഗലം പ്രദേശങ്ങളിലാണ് പാൽവിതരണം നടത്തുന്നത്. മേയറായിരിക്കുമ്പോഴും പാൽ വിതരണം നടത്തിയിരുന്നു. സി.പി.ഐ നേതാവ് കൂടിയായ ഭർത്താവ് വിജയൻ തിരുനിലത്തിന് ടയർ റീസോളിംഗ് കമ്പനിയിലാണ് ജോലി. മകൾ ആതിര വിവാഹിതയായ ശേഷം കുവൈറ്റിൽ ഭർത്താവ് ശ്രീകുമാറിനൊപ്പമാണ് താമസം.