ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവതികളും മൂന്ന് യുവാക്കളും ബസ് സ്റ്റാൻഡിൽ,​ പരിശോധനയിൽ കണ്ടെത്തിയത്

Friday 14 November 2025 9:25 PM IST

തൃശൂർ : ചാലക്കുടി ബസ് സ്റ്റാൻഡിൽ എം.ഡി.എം.എ വിൽക്കാൻ എത്തിയ രണ്ട് യുവതികളും വാങ്ങാൻ എത്തിയ മൂന്ന് യുവാക്കളും പിടിയിൽ. അഞ്ച് ലക്ഷത്തോളം രൂപയുടെ എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബസിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാലക്കുടി ബസ് സ്റ്രാൻഡിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളും യുവതികളും പിടിയിലായത്. തൃശൂർ റൂറൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

കോട്ടയം വൈക്കം നടുവിൽ സ്വദേശി ഓതളത്തറ വീട്ടിൽ വിദ്യ (3)​,​ കോട്ടയം വൈക്കം സ്വദേശി അഞ്ചുപറ വീട്ടിൽ ശാലിന് എന്നിവരാണ് എം.ഡി.എം.എയുമായി എത്തിയത്. കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് (33)​,​ ആനക്കൂട്ട് വീ്ട്ടിൽ അജ്മൽ (35)​,​ കടവിൽ അജ്മൽ (25)​ എന്നിവരാണ് മയക്കുമരുന്ന് വാങ്ങാൻ വന്നത്. ഇവരിൽ നിന്ന് അഞ്ചു ലക്ഷത്തോളം വരുന്ന 58 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

അതേസമയം ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1635 പേരെ പരിശോധനയ്ക്ക് വിധേയമാക്കിി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകൾ രജിസ്റ്റർ ചെയ്തു. 71 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.004223 കി.ഗ്രാം), കഞ്ചാവ് (0.08591 കി.ഗ്രാം), കഞ്ചാവ് ബീഡി (52 എണ്ണം) എന്നിവ പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.