കണ്ണൂർ കോർപ്പറേഷൻ സീറ്റ് വിഭജനം യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ച് ലീഗ്, സഖ്യത്തിൽ വിള്ളൽ

Saturday 15 November 2025 12:20 AM IST
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരണാധികാരിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ കളക്ടറേറ്റിലെ നോട്ടീസ് ബോർഡിൽ പതിക്കുന്നു

കണ്ണൂർ: കോർപറേഷനിൽ സീറ്റ് വിഭജനത്തിൽ ധാരണയിലെത്താതെ വന്നതിനെ തുടർന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വ യോഗം മുസ്ലീം ലീഗ് ബഹിഷ്‌കരിച്ചു. കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ പങ്കെുക്കേണ്ടതില്ലെന്ന് ലീഗ് നേതാക്കൾ തീരുമാനിക്കുകയായിരുന്നു. സീറ്റ് വിഷയത്തിൽ ഇതിനകം ധാരണയിലെത്തിയതിനാൽ കൂടുതൽ യോഗങ്ങളുടെ ആവശ്യമില്ലെന്നായിരുന്നു ലീഗിന്റെ നിലപാട്. ഈ തീരുമാനം കോൺഗ്രസ് നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നതായി ലീഗ് വൃത്തങ്ങൾ അറിയിച്ചു. ജില്ലയിലെ പല ഭാഗങ്ങളിലും കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ ഉടലെടുത്ത തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ലീഗിന്റെ ബഹിഷ്‌കരണം. കണ്ണൂർ കോർപറേഷനു പുറമേ ശ്രീകണ്ഠാപുരം, പയ്യന്നൂർ നഗരസഭകളിലും ചില പഞ്ചായത്തുകളിലും സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്.

ധാരണ അട്ടിമറിച്ചോ? കഴിഞ്ഞ ദിവസം കെ. സുധാകരൻ എം.പിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ കണ്ണൂർ കോർപറേഷൻ സീറ്റ് വിഷയത്തിൽ ധാരണയിലെത്തിയിരുന്നു. ധാരണ പ്രകാരം, മുസ്ലീം ലീഗ് ആവശ്യപ്പെട്ട വാരം ഡിവിഷൻ ലീഗിന് നൽകാൻ കോൺഗ്രസ് സമ്മതിച്ചു. പകരം, കഴിഞ്ഞ തവണ ലീഗ് മത്സരിച്ച വലിയന്നൂർ ഡിവിഷൻ കോൺഗ്രസിന് കൈമാറാൻ ലീഗും സമ്മതിച്ചിരുന്നു. എന്നാൽ, ഈ ധാരണ പിന്നീട് കോൺഗ്രസിലെ ചില നേതാക്കൾ ചേർന്ന് അട്ടിമറിച്ചതായി മുസ്ലീം ലീഗ് ആരോപിച്ചു. ഇതാണ് വീണ്ടും തർക്കത്തിലേക്ക് നയിച്ചതെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കുന്നു.

സി.പി.എം പട്ടിക ഇന്ന്

കോർപറേഷനിലേക്ക് മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 42 സീറ്റിലാണ് സി.പി.എം മത്സരിച്ചത്. പുതുതായി രൂപീകൃതമായ കാഞ്ഞിര ഡിവിഷനിലും ഇക്കുറി പാർട്ടി മത്സരിച്ചേക്കും. സി.പി.ഐയുമായി ഉണ്ടായ തർക്കമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നീളാൻ കാരണമായത്. കൂടാതെ പി.കെ രാഗേഷ് വിഭാഗവുമായി നടത്തിവന്ന ചർച്ചകളും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണമായി. മുന്നണിയിലെ ഘടകകക്ഷികൾക്ക് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ തന്നെ അനുവദിക്കാനാണ് ചർച്ചകളിൽ ഉണ്ടായ ധാരണ. കഴിഞ്ഞതവണ സി.പി.ഐ 6 സീറ്റിലും ഐ.എൻ.എൽ 3, ജനതാദൾ( എസ്), കോൺഗ്രസ് (എസ്), എൽ.ജെ.ഡി, കേരള കോൺഗ്രസ് (മാണി) കക്ഷികൾ ഒന്ന് വീതം സീറ്റിലുമാണ് മത്സരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തുടർന്ന് സ്ഥാനാർത്ഥികളെ ആനയിച്ച് നഗരത്തിൽ പ്രകടനം നടത്തും. ഒ.കെ വിനീഷ്, ഇ. ബീന, വി.കെ പ്രകാശിനി, രവികൃഷ്ണൻ, മുഹമ്മദ് ഷക്കീൽ, ധീരജ് കുമാർ തുടങ്ങിയവർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ട്.