പ്രമേഹ രോഗികൾ മട്ടൻ ദിവസേന കഴിക്കുന്നത് നല്ലതാണോ, ഏതെല്ലാം മാംസാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം?

Friday 14 November 2025 9:38 PM IST

പ്രമേഹ ചികിത്സയുടെ ഒരു പ്രധാന ഭാഗമാണ് പ്രമേഹം ഭക്ഷണക്രമം. നന്നായി ആസൂത്രണം ചെയ്ത ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾക്കുള്ള സാദ്ധ്യത കുറയ്ക്കാനും സഹായിക്കുന്നു. ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ആഹാര രീതി, കൃത്യമായ വ്യായാമം, മാനസികാരോഗ്യം എന്നിവ പ്രമേഹ നിയന്ത്രണത്തിൽ അത്യാവശ്യമാണ്. പ്രായം, ശരീരഭാരം, ജോലി, അധ്വാനം, കഴിക്കുന്ന മരുന്നുകൾ, ഇൻസുലിൻ എന്നിവ അനുസരിച്ചാണ് ഓരോരുത്തർക്കും വേണ്ട ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കുന്നത്.

കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ തിരഞ്ഞെടുക്കണം. പ്രമേഹ രോഗിക്ക് ഭക്ഷണത്തിൽ ഊർജ്ജത്തിന്റെ നിയന്ത്രണം അത്യാവശ്യമാണ്. കൂടുതൽ അളവിൽ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ ചെറിയ അളവിൽ അഞ്ചോ, ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന്റെ അളവ്, ഗ്ലൈസീമിക് ഇൻഡക്സ്, പോഷകങ്ങളുടെ അളവ്, കഴിക്കുന്ന സമയം, ആഹാരം പാചകം ചെയ്ത രീതി തുടങ്ങിയ പല ഘടകങ്ങളും പഞ്ചസാരയുടെ നിലയെ ബാധിക്കും.

സംസ്‌കരിച്ചെടുത്ത ധാന്യങ്ങൾക്ക് പകരം തവിടുകളയാത്ത അരി, മുഴുവൻ ഗോതമ്പ്, റാഗി, തിന, ഓട്സ് , ക്യനോവ, മറ്റു മുല്ലറ്റുകൾ എന്നിവ ഉപയോഗിക്കാം. ധാന്യങ്ങൾ ഏതുപയോഗിച്ചാലും അളവ് നിയന്ത്രിക്കണം. ഇലക്കറികൾ (ചീര, മുരിങ്ങയില, ഉലുവയില) എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കിഴങ്ങ് വർഗ്ഗങ്ങളിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലാണ്, അതിനാൽ ഉപയോഗം നിയന്ത്രിക്കണം. വിറ്റാമിനുകൾ, നാരുകൾ, ജീവകങ്ങൾ ധാരാളം അടങ്ങിയ പച്ചക്കറികൾ (വാഴപ്പിണ്ടി, വാഴക്കൂമ്പ്, വെള്ളരിക്ക, തക്കാളി, കോവയ്ക്ക, മുരിങ്ങയ്ക്ക തുടങ്ങിയ പച്ചക്കറികൾ) ദിവസേന ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തണം.

കൊഴുപ്പ് കൂടിയ ഇറച്ചികൾ (ബീഫ്, മട്ടൻ, പോർക്ക്) എന്നിവയ്ക്ക് പകരം മത്സ്യം, കോഴിയിറച്ചി, മുട്ട, കൊഴുപ്പ് നീക്കിയ പാൽ എന്നിവ ഉൾപ്പെടുത്താം. കറികൾ തയ്യാറാക്കമ്പോൾ എണ്ണയിൽ വറക്കുന്നതിന് പകരം ആവിയിൽ വേവിക്കുകയോ, തിളപ്പിച്ചെടുക്കുകയോ ചെയ്യുക. എണ്ണ, തേങ്ങ, ഉപ്പ് എന്നിവ കുറച്ചു വേണം പാചകം ചെയ്യാൻ. സുരക്ഷിതമായ എണ്ണയുടെ കാര്യം പറയമ്പോൾ ഏത് എണ്ണ എന്നതിനേക്കാൾ പ്രധാനം എത്ര അളവ് ദിവസേന ഉൾപ്പെടുത്തുന്നു എന്നതാണ്. ഒരു ദിവസം ഉപയോഗിക്കുന്ന എണ്ണയുടെ അളവ് 2 3 ടീസ്പൂൺ മതിയാകും. തവിടെണ്ണ, ഒലിവ് ഓയിൽ, നിലക്കടല എണ്ണ, കടുകെണ്ണ, എള്ളെണ്ണ, വെളിച്ചെണ്ണ തുടങ്ങിയ പലതരം എണ്ണകൾ ഉപയോഗിക്കാം. എന്നാൽ പാംഓയിൽ, ഹൈഡ്രജിനേറ്റഡ് എണ്ണകളായ വനസ്പതി, ഡാൽഡ തുടങ്ങിയവ ഒഴിവാക്കണം. എണ്ണ വീണ്ടും വീണ്ടും തിളപ്പിച്ച് ഉപയോഗിക്കാതിരിക്കുക.

പ്രമേഹരോഗികൾ ഗ്ലൈസീമിക് ഇൻഡക്സ് കുറവുള്ള പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ആപ്പിൾ, പേരയ്ക്ക, പപ്പായ, ഓറഞ്ച്, മുസംബി, നെല്ലിക്ക, കിവി, പിയർ, ചെറി, ബെറി, പ്ലം, ചാമ്പക്ക, ലൗലോലിക്ക എന്നിവ ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും ഒരു പച്ചക്കറി സാലഡ് നിർബന്ധമായും ആഹാരത്തിൽ ഉൾപ്പെടുത്തണം.

പഞ്ചസാരയ്ക്ക് പകരം തേൻ, ശർക്കര എന്നിവ ഉപയോഗിക്കുന്നത് നല്ലതല്ല. തേൻ, ശർക്കര എന്നിവ മധുരത്തിന്റെ സ്‌ത്രോസ്സുകൾ ആണ്. ഇതും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടി പ്രമേഹത്തിന്റെ സ്ഥിതി കൂട്ടും. ആഹാര ക്രമീകരണം പോലെ തന്നെ ഡയബറ്റസ് ഉള്ള ആളിന് വ്യായാമം നിർബന്ധമാണ്. ദിവസവും അരമണിക്കൂർ വ്യായാമത്തിനായി മാറ്റിവയ്ക്കണം. നടത്തം, യോഗ, സൈക്ലിംഗ് എന്നിങ്ങനെ ഏതുമാവാം. മദ്യപാനം, പുകവലി ഒഴിവാക്കുക. മാനസികാരോഗ്യം സംരക്ഷിക്കുക.

Preethi R Nair Chief Clinical Nutritionist SUT Hospital, Pattom