കണ്ണൂർ ജില്ലാ പഞ്ചായത്തിൽ സി.പി.ഐ മൂന്നിടത്ത്

Saturday 15 November 2025 12:17 AM IST
സി.പി.ഐ

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കുള്ള മൂന്ന് സ്ഥാനാർത്ഥികളെ സി.പി.ഐ പ്രഖ്യാപിച്ചു. എൽ.ഡി.എഫിൽ സി.പി.ഐ മത്സരിക്കുന്ന കുറുമാത്തൂർ, കോളയാട്, മാട്ടൂൽ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ പ്രഖ്യാപിച്ചത്. ദീർഘകാലം പൊതുപ്രവർത്തനത്തിൽ മികവുള്ളവരും തദ്ദേശസ്ഥാപനങ്ങളിൽ തിളങ്ങിയവരുമാണ് മത്സരരംഗത്തിറങ്ങുന്നത്.

കുറുമാത്തൂരിൽ സി.പി.ഐ ജില്ലാ അസി. സെക്രട്ടറിയും അഖിലേന്ത്യാ കിസാൻ സഭ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ. പ്രദീപനും കോളയാടിൽ നിലവിൽ ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിജാ രാജീവനും മാട്ടൂലിൽ നിലവിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായ അബ്ദുൾ നിസാർ വായിപ്പറമ്പും ആണ് മത്സരിക്കുന്നത്.

ജില്ലയിൽ എൽ.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് സന്തോഷ് കുമാർ പറഞ്ഞു. സംസ്ഥാന സർക്കാരും ജില്ലാ പഞ്ചായത്തും ഏറ്റെടുത്ത്‌ നടത്തിയ വികസന പ്രവർത്തനങ്ങളുടെ മികവിലാണ്‌ എൽ.ഡി.എഫ്‌ വോട്ടുതേടുന്നത്‌. അതിന്‌ ഇത്തവണയും ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്ന ആത്മവിശ്വാസവുമുണ്ടെന്നും എൽ.ഡി.എഫിന് വൻ വിജയമുണ്ടാകുമെന്നും സന്തോഷ് കുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ എക്സിക്യൂട്ടീവംഗം വെള്ളോറ രാജനും പങ്കെടുത്തു.