പാലത്തായി പീഡനം.... സ്‌കൂൾ ശുചിമുറിയിലെ ക്രൂരത
തലശ്ശേരി: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവും അദ്ധ്യാപകനുമായ കെ. പദ്മരാജനെ കുറ്റക്കാരനായി കോടതി വിധിച്ചതോടെ കോളിളക്കം സൃഷ്ടിച്ച കേസ് വഴിത്തിരിവിൽ. കടവത്തൂർ മുണ്ടത്തോടിലെ ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്ന പ്രതി, സംഘപരിവാർ അദ്ധ്യാപക സംഘടനയായ എൻ.ടി.യുവിന്റെ ജില്ലാ നേതാവുമായിരുന്നു. പെൺകുട്ടിയെ സ്‌കൂളിലെ ശുചിമുറിയിൽ വച്ചും മറ്റൊരു വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഗുരുതര ആരോപണം.
അന്വേഷണത്തിലെ വൈരുദ്ധ്യങ്ങൾ 2020 മാർച്ച് 16ന് തലശ്ശേരി ഡിവൈ.എസ്.പിക്ക് ലഭിച്ച പരാതിയായിരുന്നു കേസിന് തുടക്കം. പാനൂർ പൊലീസ് ആദ്യ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് നിഗമനത്തിലെത്തി. എന്നാൽ പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് പോക്‌സോ ചുമത്തി കേസെടുത്തത്. ഏപ്രിൽ 15ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പദ്മരാജനെ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിനെതിരെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം വിമർശനം ഉന്നയിച്ചതോടെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നതിൽ അലംഭാവം കാട്ടിയെന്ന വിമർശനമുയർന്നു. 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കുറ്റപത്രം നൽകിയത്. ഗുരുതരമെന്ന് കരുതി പോക്‌സോ വകുപ്പ് പോലും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ല. ഇതിനെ തുടർന്ന് ഹൈക്കോടതിയിൽ നിന്ന് പ്രതിക്ക് ജാമ്യവും ലഭിച്ചു. ഇടക്കാല കുറ്റപത്രത്തിൽ നിന്ന് പോക്‌സോ വകുപ്പ് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. കുട്ടിയുടെ സുഹൃത്തായ വിദ്യാർത്ഥി, നാല് അദ്ധ്യാപകർ ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. നിർണായക തെളിവായി കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുണ്ടായതിന്റെയും തുടർന്ന് ചികിത്സ തേടിയതിന്റെയും വിവരങ്ങൾ കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിലെ വീഴ്ചകൾക്കിടയിലും കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ്. പ്രതിക്ക് എന്ത് ശിക്ഷയാണ് ലഭിക്കുകയെന്ന് ഇന്ന് വ്യക്തമാകും.