ജനി​ച്ച ബോട്ടിൽ ജോലി​യി​ൽ പ്രവേശി​ച്ച് വെങ്കി​ടേഷ്

Saturday 15 November 2025 2:13 AM IST

ആലപ്പുഴ: പെരുമ്പളം സ്വദേശി വെങ്കിടേഷ് ബാബു താൻ ജനിച്ചുവീണ ജലഗതാഗത വകുപ്പി​ന്റെ ബോട്ടി​ൽ ജോലി​യി​ൽ പ്രവേശി​ച്ചു. നെടുമുടി – ആലപ്പുഴ റൂട്ടിൽ സർവീസ്‌ നടത്തുന്ന എ 47 ബോട്ടി​ൽ ലാസ്കറായാണ് ഇന്നലെ ജോലി ആരംഭി​ച്ചത്. രാവിലെ നെടുമുടി ബോട്ട് സ്റ്റേഷനിലെത്തി മുതിർന്ന ലാസ്ക്കറിന് ദക്ഷിണ നൽകിയാണ് ജോലിക്ക് കയറിയത്. നെടുമുടി - ആലപ്പുഴ റൂട്ടിലായിരുന്നു ആദ്യ സർവീസ്. പാണാവള്ളി – പൂത്തോട്ട സർവീസ്‌ നടത്തിയിരുന്നപ്പോൾ എ 47 ബോട്ടി​ൽ 1996 ജൂൺ മൂ‍ന്നിന്‌ പുലർച്ചെയായി​രുന്നു പെരുമ്പളം സ‍ൗത്തിൽ കിഴക്കനേഴത്ത്‌ വെങ്കിടേഷ്‌ ബാബുവി​ന്റെ ജനനം. പൂർണഗർഭിണിയായിരുന്ന അമ്മ പെരുമ്പളം സ്വദേശിനി ഷൈലയെ പ്രസവവേദനയെ തുടർന്ന് എറണാകുളത്തെ സർക്കാർ ആശുപത്രിയിലെത്തിക്കാനുള്ള ബോട്ട് യാത്രയ്ക്കിടയിലായിരുന്നു പ്രസവം. ജനിച്ച ബോട്ടിൽ ജോലിയിൽ പ്രവേശിക്കണമെന്ന ആഗ്രഹമാണ് വെങ്കിടേഷിന് ഇന്നലെ സഫലമായത്.