ഗർഡർ അപകടം : ദേശീയപാത അതോറിട്ടി സംഘം പരിശോധന നടത്തി

Saturday 15 November 2025 12:22 AM IST

തുറവൂർ: ദേശീയപാത 66ൽ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ പതിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിക്കാനിടയായ സംഭവത്തിൽ ദേശീയപാത അതോറിട്ടിയുടെ വിദഗ്ദ്ധസംഘം പരിശോധന നടത്തി. ഇന്നലെ രാവിലെ 11മണിയോടെ ദേശീയപാത അതോറിട്ടി അംഗം വെങ്കിട്ടരമണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തിയത്.

വ്യാഴാഴ്ച പുലർച്ചെയാണ് എരമല്ലൂർ ജംഗ്ഷന് സമീപം ഗർഡർ പതിച്ച് ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് (47) മരിച്ചത്. കെ.സി.വേണുഗോപാൽ എം.പി കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് സംഘത്തെ നിയോഗിച്ചത്. ഇന്നലെ രാവിലെ 11മണിയോടെ എത്തിയ സംഘം ക്രെയിനിൽ കയറി പാതയുടെ മേൽഭാഗവും ജാക്കി സ്ഥാപിച്ച സ്ഥലവും പരിശോധിച്ചു. വിദഗ്ദ്ധ സമിതി അംഗങ്ങളായ എ.കെ.ശ്രീവാസ്തവ, എസ്.എച്ച്. അശോക് കുമാർ മാത്തൂർ,സംസ്ഥാന പൊരുമരാമത്ത് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

സംഭവത്തിൽ കുറ്റകരമായ നരഹത്യയ്ക്ക് അരൂർ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബി.എൻ.എസ് 105 ,3 (5) വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. സൈറ്റ് എൻജിനീയർ,സൂപ്പർവൈസർ,തൊഴിലാളികൾ എന്നിവരെ പ്രതിചേർത്താണ് കേസ്. നിർമ്മാണം തുടങ്ങി രണ്ടര വർഷത്തിനിടെ 42 അപകടമരണം നടന്നെങ്കിലും കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത് ആദ്യമായാണ്.

ചരക്കുവാഹനങ്ങൾ വഴി തിരിച്ചു വിട്ടു

ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന ഭാരവാഹനങ്ങൾ തുറവൂർ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തൈക്കാട്ടുശേരി വഴിയും എറണാകുളം ഭാഗത്ത് നിന്ന് വരുന്ന ചരക്ക് വാഹനങ്ങൾ അരൂർ ക്ഷേത്രം കവല വഴി കിഴക്കോട്ടും വഴിതിരിച്ച് വിട്ടു. അപകടമുണ്ടായ സ്ഥലം പൂർണമായും പൊലീസ് സംരക്ഷണത്തിലാണ്. ഉയരപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്തുകൂടി ഭാരവാഹനങ്ങൾ കടത്തിവിടരുതെന്ന് നേരത്തേ തീരുമാനം എടുത്തിരുന്നെങ്കിലും അധികൃതർ നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് കർശനമാക്കിയത്.