കൈനകരിയിൽ മത്സരത്തിന് ദമ്പതികൾ

Saturday 15 November 2025 1:24 AM IST

കുട്ടനാട് : കൈനകരി പഞ്ചായത്തിൽ മത്സരത്തിനിറങ്ങാൻ ദമ്പതികൾ. കുട്ടമംഗലം ബിന്ദുഭവനിൽ ബി. കെ വിനോദും ഭാര്യ ധന്യവിനോദുമാണ് 3, 14 വാർഡുകളിലായി മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥികളാണ് ഇരുവരും. 2015ൽ മത്സരിച്ച 3ാം വാർഡിൽ തന്നെയാണ് ഇത്തവണയും വിനോദ് മത്സരിക്കുന്നത്. 2015ൽ യു. ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് 47 വോട്ടുകൾക്ക് തന്റെ കന്നിയങ്കം വിജയിച്ച് കയറിയ വിനോദ് 2020ലെ തിരഞ്ഞെടുപ്പിന് പത്രിക നല്കിയെങ്കിലും തള്ളിപ്പോയി.

2013ൽ കൈനകരി വികസന സമിതി എന്ന ആശയവുമായാണ് ബി.കെ.വിനോദ് പൊതുരംഗത്തെത്തിയത്. പിന്നീട് മുഴുവൻ സമയ പൊതുപ്രവർത്തകനായി മാറി. 2015ൽ 3ാം വാർഡിന്റെ മെമ്പറായപ്പോൾ വാർഡിലെ ജലഗതാഗതത്തിന് പ്രധാന തടസ്സമായി നിന്ന ചാക്കോകളം, സൊസൈറ്റി എന്നീ രണ്ടു പാലങ്ങൾ നാട്ടുകാരുമായി ചേർന്ന് പൊളിച്ചുമാറ്റി. പിന്നീട് പുതിയ പാലം നിർമ്മിച്ചു നല്കിയെങ്കിലും ചട്ടവിരുദ്ധംചൂണ്ടിക്കാട്ടി പൊലീസ് അറസ്റ്റുചെയ്തതോടെ ദിവസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്ന അനുഭവവും വിനോദിനുണ്ട് .

ഭാര്യ ധന്യയ്ക്ക് ഇത് ആദ്യ അങ്കമാണ്. വിനോദ് മത്സരിക്കുന്ന വാർഡിന് നേരെ,എതിർ വശം പമ്പയാറിന് പടിഞ്ഞാറെക്കരയിലുള്ള 14ാം വാർഡിലാണ് ധന്യ ജനവിധി തേടുന്നത്. . പുണ്യം ചാരിറ്റബിൽ ട്രസ്റ്റ് എന്ന അമേരിക്കൻ വനിതാ കൂട്ടായ്മയുടെ ജില്ലാ കോഡിനേറ്ററായി പൊതു രംഗത്ത് എത്തിയ ധന്യ പിന്നീട് വാർത്താ മാദ്ധ്യമ രംഗത്ത് സാന്നിദ്ധ്യമായി. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയത്.