കിടപ്പുമുറിയിൽ നിന്ന് മാറിയില്ല; 12കാരനെ ഉപദ്രവിച്ച മാതാവും ആൺസുഹൃത്തും അറസ്റ്റിൽ

Saturday 15 November 2025 12:31 AM IST

കൊച്ചി: കിടപ്പുമുറിയിൽ നിന്ന് മാറാത്തതിന്റെ പേരിൽ 12 വയസുകാരനെ ദേഹോപദ്രവം ഏൽപ്പിച്ച മാതാവും ആൺ സുഹൃത്തും അറസ്റ്റിൽ. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയായ 37കാരിയും സ്വകാര്യ യു ട്യൂബ്‌ ചാനൽ ജീവനക്കാരനായ സുഹൃത്ത് തിരുവനന്തപുരം ‌വാമനപുരം കല്ലറ സൗപർണിക വില്ലയിൽ സിദ്ധാർത്ഥ് രാജീവുമാണ് (24) എളമക്കര പൊലീസിന്റെ പിടിയിലായത്.

ഭർത്താവുമായി 2021ൽ ബന്ധം വേർപിരിഞ്ഞ യുവതിയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകനും എളമക്കര പൊറ്റക്കുഴിക്ക് സമീപത്തെ ഫ്ലാറ്റിലാണ് താമസം. സിദ്ധാർത്ഥ് ജോലി ചെയ്യുന്ന യൂ ട്യൂബ് ചാനലിൽ യുവതി അവതാരകയാണ്. ഒരു മാസമായി യുവതിയുടെ ഫ്ലാറ്റിലാണ് സിദ്ധാർത്ഥ് താമസം. കഴിഞ്ഞ 12ന് രാത്രി ഇവർക്കൊപ്പം കിടന്ന കുട്ടിയോട് മറ്റൊരു മുറിയിൽ പോയി കിടക്കാൻ ഇരുവരും ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതിരുന്നപ്പോഴാണ് 13ന് പുലർച്ചെ 3.30ഓടെ ഉപദ്രവിച്ചത്. സിദ്ധാർത്ഥ് ആദ്യം കുട്ടിയുടെ കൈ പിടിച്ചു തിരിച്ചു. പിന്നീട് കഴുത്തിന് പിടിച്ചു തള്ളി. ഇതിനു ശേഷമാണ് അമ്മ നഖം ഉപയോഗിച്ച് കുട്ടിയുടെ ദേഹത്ത് മുറിവേൽപ്പിച്ചത്.

വിവരമറിഞ്ഞ് കുട്ടിയുടെ പിതാവാണ് എറണാകുളം നോർത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അമ്മയെയും യുവാവിനെയും ഇന്നലെ വൈകിട്ട് കലൂരിൽ നിന്നു കസ്റ്റഡിയിലെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ടും ബി.എൻ.എസ് ആക്ടും ചുമത്തി. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടി നിലവിൽ പിതാവിന്റെ സംരക്ഷണത്തിലാണ്.