പച്ചക്കറി-പലവ്യഞ്ജന വിലയിൽ വർദ്ധനയുണ്ടേ !

Saturday 15 November 2025 1:55 AM IST

വെഞ്ഞാറമൂട്: മണ്ഡലകാലം ആരംഭിക്കാനിരിക്കെ പച്ചക്കറി, പലവ്യഞ്ജന വില വർദ്ധനവ് ആശങ്കയിലാക്കുന്നു. ഒപ്പം വീട്ടമ്മമാരുടെ അടുക്കള ബഡ്ജറ്റും താളം തെറ്റുന്നു. സവാള വിലയിൽ മാത്രമാണ് അല്പം ആശ്വാസമുള്ളത്. കിലോ 25 -30 രൂപ.

വെണ്ട, മുളക്, പടവലം, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, കാബേജ് തുടങ്ങിയ പച്ചക്കറികളുടെ വിലയിലും കയറ്റമാണ്. പലവ്യഞ്ജനങ്ങളിൽ 110 രൂപയായിരുന്ന തൊണ്ടൻ മുളകിന് 150 രൂപയായും 170 രൂപയായിരുന്ന വറ്റൽ മുളകിന് 200 രൂപയായും കൂടി. എണ്ണ,തേങ്ങ,അരി വിലയും വർദ്ധിച്ചിട്ടുണ്ട്. പഴങ്ങളുടെ വിലയിൽ അധിക കയറ്റമുണ്ടായിട്ടില്ല.

ക്യാരറ്റ്: 80

ബീൻസ്: 60

സവാള: 25

തക്കാളി: 35

വെണ്ടയ്ക്ക: 35

മുളക്: 40

പടവലം: 35

കാബേജ്: 40

ബീറ്റ്‌റൂട്ട്: 50

ചേന: 60

ചെറിയ ഉള്ളി: 50

ഉരുളക്കിഴങ്ങ്: 45

വെളുത്തുള്ളി: 200

പച്ചക്കറി വരവ് കുറഞ്ഞു

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനത്ത് ആവശ്യത്തിന് പച്ചക്കറി ഉണ്ടായിരുന്നു. തുലാവർഷം വന്നതോടെ പച്ചക്കറി കൃഷി ചെയ്യാനാവില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതും വില വർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്. കാലംതെറ്റിയ മഴയും കീടബാധയും ഉത്പാദനത്തെ ബാധിച്ചു.