വൈക്കം വിജയലക്ഷ്മിയുടെ പാട്ട് ആഘോഷമാക്കി കുട്ടികൾ; വീഡിയോ പകർത്തി മന്ത്രി

Saturday 15 November 2025 1:41 AM IST

തിരുവനന്തപുരം: വൈക്കം വിജയലക്ഷ്മി പാടിയപ്പോൾ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയം അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു. ശിശുദിനാഘോഷത്തിനെത്തിയ തലസ്ഥാനത്തെ കുട്ടികളത്രയും ആർപ്പുവിളികളോടെയും കൈയടികളോടെയും വിജയലക്ഷ്മിയുടെ പാട്ടേറ്റെടുത്തു.

കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കറും മന്ത്രി വീണാ ജോർജുമൊക്കെ അണിനിരന്ന വേദിയും ആഹ്ലാദത്തിമിർപ്പിൽ പങ്കുചേർന്നു. കുട്ടികളുടെ ആഹ്ലാദപ്രകടനം വേദിയിലിരുന്ന മന്ത്രി മൊബൈലിൽ പകർത്തിയ വീഡിയോ സമൂഹമാദ്ധ്യമത്തിൽ വൈറലായി.

മുഖ്യമന്ത്രിയുടെ ശിശുദിനസന്ദേശം ചടങ്ങിൽ വായിച്ചു. കൊള്ളേണ്ടതിനെ കൊള്ളാനും മ​റ്റുള്ളവ തള്ളാനും അവരെ പ്രാപ്തരാക്കണം. നിർഭയമായി പ്രതിസന്ധികളെ നേരിടാനും അതിജീവിക്കാനുമുള്ള ആത്മവിശ്വാസവും മനോധൈര്യവും അവർക്ക് പകർന്നു നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈവിദ്ധ്യങ്ങളാണ് ഇന്ത്യയുടെ മനോഹാരിതയെന്നും വൈരുദ്ധ്യങ്ങളാണ് നമ്മുടെ നാടിനെ ചേർത്തുനിറുത്തുന്നതെന്നും മന്ത്രി വീണാജോർജ് പറഞ്ഞു.

യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച ശിശുദിനറാലി കനകക്കുന്നിൽ സമാപിച്ചു. തുടർന്ന് കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത മണക്കാട് ഗവ.ടി.ടി.ഐ സ്കൂളിലെ ദുർഗ്ഗ ജിഷ്ണു സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആരാധന പ്രവീൺ (വെങ്ങാനൂർ വി.പി.എസ് മലങ്കര എച്ച്.എസ്.എസ്) അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ എസ്.ഏയ്ഞ്ചൽ (കോട്ടൺഹിൽ ഗവ.എച്ച്.എസ്.എസ്) മുഖ്യപ്രഭാഷണം നടത്തി.ശിശുദിന സ്റ്റാമ്പ് മന്ത്റി വീണാജോർജ് വി.ജോയി എം.എൽ.എയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. സ്റ്റാമ്പ് വരച്ച കോഴിക്കോട് ഫറോക്ക് ഗവ.ഗണപത് വി.എച്ച്.എസ്.എസിലെ 9-ാം ക്ലാസ് വിദ്യാർത്ഥി വി.കെ.വൈഗയ്ക്കും സ്‌കൂളിനുമുള്ള ട്രോഫിയും കുട്ടികളുടെ നേതാക്കൾക്കുള്ള പുരസ്‌കാരങ്ങളും മന്ത്റി വിതരണം ചെയ്തു. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി, ട്രഷറർ കെ.ജയപാൽ,എക്സിക്യൂട്ടിവ് അംഗം ഒ.എം.ബാലകൃഷ്ണൻ,പ്രോഗ്രാം കമ്മി​റ്റി ചെയർമാൻ എൻ.എസ്.വിനോദ് എന്നിവർ പങ്കെടുത്തു.